തിരുവനന്തപുരം: കേരള മുഖ്യമന്ത്രി തീരുമാനത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായകമായ നീക്കങ്ങൾ നടക്കവെ മുതിർന്ന നേതാക്കളായ കെ. സുധാകരനും കെ. മുരളീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തി. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കവെയാണ് മുരളീധരന്റെ ഓഫീസിൽ സുധാകരൻ എത്തിയത്.

To advertise here,

നേരത്തെ കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് സുധാകരൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിനുള്ളിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ പഴയ നിലപാടിൽ മാറ്റമുണ്ടെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. പഴയ നിലപാടിൽ തന്നെ ഉറച്ചുനിൽക്കാൻ താൻ 'പൂഴിയല്ല' എന്ന കടുത്ത പ്രയോഗമാണ് അദ്ദേഹം നടത്തിയത്.

കെ. മുരളീധരന്റെ നിലപാടും ഈ ചർച്ചകളിൽ അതീവ പ്രാധാന്യമർഹിക്കുന്നു. മുഖ്യമന്ത്രിയെ പാർട്ടിയും നേതൃത്വവും തീരുമാനിക്കട്ടെ എന്നാണ് അദ്ദേഹം പരസ്യമായി പറയുന്നതെങ്കിലും, വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന ഒരു സമീപനമാണ് അദ്ദേഹം പരോക്ഷമായി സ്വീകരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. ഓരോ എം.എൽ.എമാരെയും നേരിട്ട് കണ്ട് പരമാവധി പിന്തുണ ഉറപ്പാക്കാനാണ് ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കൾ ശ്രമിക്കുന്നത്. തന്റെ നിലപാടുകൾ പാർട്ടി വേദിയിൽ അദ്ദേഹം വ്യക്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന യോഗം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതിനിർണ്ണായകമാണ്. വിവിധ പക്ഷങ്ങളിലായി നിൽക്കുന്ന നേതാക്കൾ എംഎൽഎമാരുടെ പിന്തുണ നേടിയെടുക്കാൻ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നുണ്ട്. മഞ്ഞുരുകുമോ അതോ തർക്കങ്ങൾ മുറുകുമോ എന്നറിയാൻ ഹൈക്കമാൻഡ് പ്രതിനിധികൾ ഓരോ എംഎൽഎമാരുമായും നടത്തുന്ന ചർച്ചകളുടെ ഫലം കൂടി പുറത്തുവരേണ്ടതുണ്ട്.