കൊച്ചി: നാട്ടിലെങ്ങും കടുത്ത പവർകട്ട് നിലനിൽക്കുമ്പോഴും 100 മെഗാവാട്ടിലധികം വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള അഞ്ച് ജലവൈദ്യുതി പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നു. എറണാകുളത്തെ ഭൂതത്താൻകെട്ട് മുതൽ ഇടുക്കിയിലെ ചെങ്കുളം വരെയുള്ള മേഖലകളിലാണ് ഈ പദ്ധതികൾ കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥത കാരണം എങ്ങുമെത്താതെ കിടക്കുന്നത്. പദ്ധതി ചെലവ് കുത്തനെ ഉയർന്നതും വൈദ്യുതോൽപ്പാദന നഷ്ടവും ചേർന്ന് ശതകോടികളുടെ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

To advertise here,

എറണാകുളത്തെ ഭൂതത്താൻകെട്ടിൽ 24 മെഗവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ 98 ശതമാനം സിവിൽ ജോലികളും പൂർത്തിയായതാണ്. 2016 ഓഗസ്റ്റ് ആദ്യവാരത്തിൽ ഇവിടെ നിന്ന് വൈദ്യുതി ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു യൂണിറ്റ് വൈദ്യുതി പോലും ഉൽപ്പാദിപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞിട്ടില്ല. ടർബൈൻ ചൈനയിൽ നിന്ന് എത്തിച്ച് ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന് എംഎൽഎ പറയുന്നു.

മാങ്കുളത്ത് 40 മെഗവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന വലിയ പദ്ധതിയുടെ നിർമ്മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. 20 മെഗവാട്ടിന്റെ രണ്ട് ജനറേറ്ററുകൾ ഉൾപ്പെടുന്ന ഈ പദ്ധതിയുടെ നിർമ്മാണ ജോലികൾ ഈ വർഷം ആദ്യം പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ നിർമ്മാണത്തിൽ മൂന്ന് വർഷത്തെ കാലതാമസം ഉണ്ടാകുന്നത് പ്രതിദിനം കോടികളുടെ വരുമാന നഷ്ടമാണ് കെ.എസ്.ഇ.ബിക്കും നാടിനും ഉണ്ടാക്കുന്നത്.

ഇടുക്കി ചിന്നാറിലെ പെരിഞ്ഞാംകുട്ടി പുഴയ്ക്ക് കുറുകെ ഡാം നിർമ്മിച്ച് നടപ്പിലാക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതിയും വൈകുകയാണ്. പനംകുട്ടിയിലെ കേന്ദ്രത്തിൽ 24 മെഗവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി കഴിഞ്ഞ വർഷം ആദ്യം പൂർത്തിയാക്കേണ്ടതായിരുന്നു. നിലവിലെ സാഹചര്യത്തിൽ അടുത്ത വർഷം ആദ്യത്തോടെ മാത്രമേ ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാൻ സാധിക്കൂ.

ചെങ്കുളത്ത് നിർമ്മാണത്തിലിരിക്കുന്ന രണ്ട് പദ്ധതികളാണ് കാലതാമസം നേരിടുന്ന മറ്റ് രണ്ട് പദ്ധതികൾ. നിലവിലുള്ള വൈദ്യുതോൽപ്പാദനത്തോടൊപ്പം 8.5 മില്യൺ യൂണിറ്റ് വൈദ്യുതി കൂടി ലഭിക്കുന്ന ചെങ്കുളം ഓഗ്‌മെന്റേഷൻ പദ്ധതി 2024-ൽ പൂർത്തിയാകേണ്ടതായിരുന്നുവെങ്കിലും അടുത്ത വർഷം പകുതിയോടെ മാത്രമേ പൂർത്തിയാകൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 24 മെഗവാട്ടിന്റെ അപ്പർ ചെങ്കുളം പദ്ധതി പൂർത്തിയാകാൻ ഇനി നാല് വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്.

ഈ അഞ്ച് പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നെങ്കിൽ സംസ്ഥാനത്ത് നിലവിലുള്ള രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരളവ് വരെ ആശ്വാസമാകുമായിരുന്നു. എന്നാൽ കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയും മേൽനോട്ടക്കുറവും കാരണമാണ് കോടികളുടെ പദ്ധതികൾ അനക്കമില്ലാതെ കിടക്കുന്നത്. ജനങ്ങൾ കടുത്ത പവർകട്ടിൽ ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തിൽ, സർക്കാരും കെ.എസ്.ഇ.ബിയും ഈ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.