തിരുവനന്തപുരം: പാളയം ഗവ. സംസ്‌കൃത കോളജില്‍ സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ യൂണിറ്റ് മുന്‍ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്.ബിന്ദുവിന്റെ മകന്‍ ആദര്‍ശിനാണു പരിക്കേറ്റത്. 

To advertise here,

തടിക്കഷണം കൊണ്ടുള്ള ക്രൂരമായ മര്‍ദനത്തില്‍ താടിയെല്ലു പൊട്ടി ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കില്‍കയറി ഓട്ടം മത്സരത്തില്‍ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണം. 

കോളജിലെ മുന്‍ വിദ്യാര്‍ഥികളും എസ്എഫ്‌ഐ യൂണിറ്റ് മുന്‍ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിന്‍ എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസ് എടുത്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. 24നു വൈകിട്ടു മൂന്നിന് ആയിരുന്നു സംഭവം.