കണ്ണൂർ: വളപട്ടണം റെയിൽപ്പാളത്തിൽ വീണ്ടും കല്ലുകൾ വെച്ചു. ശനിയാഴ്ച വൈകീട്ട് 3.25-നാണ് പാളത്തിൽ ചെറിയ കല്ലുകൾ കണ്ടത്. ഈ സമയം കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് കടന്നുപോയിരുന്നു. കല്ലു വെച്ചതിന് പിന്നിൽ 10, എട്ട്‌ വയസ്സുള്ള കുട്ടികൾ ആണെന്ന് ആർപിഎഫ് അറിയിച്ചു.

To advertise here,

വെള്ളിയാഴ്ച പുലർച്ചെ 1.45-ന് പാളത്തിൽ സിമന്റ് കട്ട വെച്ചതിന് പിന്നാലെയാണ് ഈ സംഭവം. തീവണ്ടി അട്ടിമറിക്കാൻ ശ്രമം നടന്നു എന്ന കണ്ടെത്തലിനെ തുടർന്ന് ഈ കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണ്. വളപട്ടണം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ആർപിഎഫ് ഉൾപ്പെടെയുള്ള സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് വളപട്ടണത്ത് ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ശനിയാഴ്ച കണ്ണൂർ ജില്ലയിൽ ഉണ്ടായിരുന്നതിനാൽ കനത്ത സുരക്ഷ എല്ലായിടത്തും ഒരുക്കിയിരുന്നു.

കുട്ടികൾക്ക് കൗൺസലിങ് നൽകി

കല്ലുവെച്ച സമയം രണ്ട് കുട്ടികൾ പാളത്തിനരികെ കളിക്കുന്നുണ്ടായിരുന്നുവെന്ന് മീൻപിടിത്തക്കാർ പോലീസിനെ അറിയിച്ചിരുന്നു. അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയുടെ രണ്ട്‌ മക്കളെ തിരിച്ചറിഞ്ഞത്. തമാശയ്ക്ക് കളിക്കുന്നതിനിടയിലാണ് കല്ലുെവച്ചതെന്നാണ് കുട്ടികൾ പറഞ്ഞത്. കുട്ടികൾക്ക് കൗൺസലിങ് നൽകി. റെയിൽപാളത്തിൽ ഇരിക്കുന്നതും നടക്കുന്നതും റെയിൽവേ ആക്ട് പ്രകാരം ശിക്ഷാർഹമാണ്. അറിഞ്ഞോ അറിയാതെയോ റെയിൽപ്പാളത്തിൽ കരിങ്കല്ല് വെക്കുന്നതിന്റെ ശിക്ഷ കടുത്തതാണെന്ന ബോധ്യം രക്ഷിതാക്കൾ കുട്ടികൾക്ക് നൽകണം.