
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം കൗൺസിൽ. രാഷ്ട്രീയ പരാജയങ്ങൾക്ക് ഒരു സാമൂഹിക പ്രസ്ഥാനത്തെയും അതിന്റെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തെയും ബലിയാടാക്കാനുള്ള ശ്രമം ചരിത്രത്തോടും സാമൂഹിക യാഥാർത്ഥ്യങ്ങളോടുമുള്ള അനാദരവാണെന്ന് യോഗത്തിന്റെ നയരൂപീകരണ സമിതി പ്രമേയത്തിലൂടെ വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ദർശനങ്ങളിൽ രൂപംകൊണ്ട എസ്.എൻ.ഡി.പി യോഗം ഒരു നൂറ്റാണ്ടിലേറെയായി സാമൂഹിക നവോത്ഥാനം, വിദ്യാഭ്യാസ പുരോഗതി, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ സാമൂഹിക നീതി, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം എന്നീ മേഖലകളിൽ സംഘടന നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനെതിരെ ഉയരുന്ന രാഷ്ട്രീയ ആരോപണങ്ങളെ ജനങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുമെന്ന ആത്മവിശ്വാസവും കൗൺസിൽ പ്രകടിപ്പിച്ചു.
ജനാധിപത്യ വ്യവസ്ഥയിൽ ഓരോ തിരഞ്ഞെടുപ്പ് ഫലവും ജനങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയ വിലയിരുത്തലിന്റെ പ്രതിഫലനമാണെന്ന് കൗൺസിൽ വിലയിരുത്തി. ആ ജനവിധിയെ അംഗീകരിച്ച് ആത്മപരിശോധന നടത്തുന്നതിന് പകരം, ഒരു സാമൂഹിക സംഘടനയെയും അതിന്റെ നേതൃത്വത്തെയും കുറ്റപ്പെടുത്തുന്ന സമീപനം ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ല. ഇത്തരം പ്രസ്താവനകൾ സാമൂഹിക ഐക്യത്തിന് ഗുണകരമല്ലെന്നും കൗൺസിൽ ഓർമ്മിപ്പിച്ചു.
എ.എൻ. ഷംസീർ തന്റെ പ്രസ്താവന പിൻവലിച്ച് എസ്.എൻ.ഡി.പി യോഗത്തോടും അതിന്റെ ലക്ഷക്കണക്കിന് അംഗങ്ങളോടും ഖേദം പ്രകടിപ്പിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ സമത്വദർശനത്തിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ചുനിന്നുകൊണ്ട് സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന പോരാട്ടം ശക്തമായി തുടരുമെന്ന് യോഗം കൗൺസിൽ ഏകകണ്ഠമായി പ്രഖ്യാപിച്ചു.
ഡോ: എം.എൻ. സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി പ്രമേയം അവതരിപ്പിച്ചു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, വിപിൻരാജ്, ബേബിറാം, പി.കെ. പ്രസന്നൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Content Highlights: SNDP Yogam condemns AN Shamseer's remarks against Vellappally Natesan. Read the council's resolution demanding an apology for the political blame game.
Published: 01 Aug 2026, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented