
വിലങ്ങാട് (കോഴിക്കോട്): ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നതോടെ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹമാണോ എന്ന കാര്യത്തിലുള്ള ആശങ്ക നീങ്ങിയെങ്കിലും കാണാതായ സിജോ സ്കറിയയേക്കുറിച്ചുള്ള ദുരൂഹത ബാക്കി.
പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ എന്തോ വസ്തു കണ്ടെത്തിയതോടെ വിലങ്ങാട് ഇന്ദിരാനഗർ സ്വദേശി സിജോ സ്കറിയയുടെ മൃതദേഹമാണോ അത് എന്ന സംശയം ബന്ധുക്കൾ ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ബന്ധുക്കളുടെ ആവശ്യപ്രകാരമായിരുന്നു കോഴിക്കോട്, കണ്ണൂർ റൂറൽ എസ്.പി മാർക്ക് അന്വേഷത്തിന് ഡിജിപി നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബുധനാഴ്ചത്തെ കല്ലറ തുറന്നുള്ള പരിശോധന.
കല്ലറയിൽ കണ്ടത് നേരത്തെ മൃതദേഹം അടക്കംചെയ്തിരുന്ന പെട്ടിയിലെ പായയാണെന്ന നിഗമനത്തിലേക്കാണ് ഇപ്പോൾ പോലീസ് എത്തിയിരിക്കുന്നത്. അതിൽ മറ്റ് ദുരൂഹതയില്ലെന്നും പോലീസ് പറയുന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറവും സിജോയുടെ തിരോധാനം സംബന്ധിച്ച ദുരൂഹത തുടരുകയാണ്.
2014 അവസാനത്തോടെ സിജോ സ്വന്തം അച്ഛനും അമ്മയുമായി പിണങ്ങി ഭാര്യയേയും കുഞ്ഞിനെയും കൂട്ടി വാണിയപ്പാറ തട്ടിലുള്ള ഭാര്യ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. അതിന് ശേഷം സ്വന്തം കുടുംബക്കാരുമായി സിജോ ബന്ധപ്പെട്ടിരുന്നില്ല.
2015-ൽ ആണ് സിജോയെ ഭാര്യവീട്ടിൽനിന്ന് കാണാതായത്. ഒരുദിവസം ഭാര്യവീട്ടിൽനിന്ന് പുറത്തുപോയ സിജോ പിന്നീട് തിരിച്ചുവന്നില്ല. അന്ന് രാത്രി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇരിട്ടിയിലാണ് ഉള്ളതെന്നും പിറ്റേദിവസം എത്തുമെന്നും ഭാര്യയെ അറിയിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പിന്നീട്, 2021-ൽ ആണ് സിജോയെ കാണാതായി കാട്ടി പരാതി നൽകിയത്. സ്വന്തം വീട്ടിലാണെന്ന് ഭാര്യവീട്ടുകാരും ഭാര്യവീട്ടിലാണെന്ന് സ്വന്തം വീട്ടുകാരും കരുതിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയത്.
സിജോയുടെ ബന്ധുക്കളിൽ ചിലർ വാണിയപ്പാറയിലെത്തിയതോടെ രണ്ട് വീട്ടിലും സിജോ ഇല്ലെന്ന വിവരവും ലഭിച്ചു. ഇതേത്തുടർന്നായിരുന്നു കുറ്റ്യാടി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ചില അജ്ഞാത മൃതദേഹങ്ങളുമായി സിജോയുടെ ബന്ധുക്കളുടെ ഡിഎൻഎ ഒത്തുനോക്കിയിരുന്നു. പക്ഷെ, ഒരു തെളിവും ലഭിച്ചില്ല. ഇതോടെ കേസ് പാതി വഴിയിലാവുകയും ചെയ്തു. ഇതിനുശേഷം വർഷങ്ങൾക്കിപ്പുറമാണ് സെമിത്തേരിയിലെ കല്ലറയിൽ കണ്ടെത്തിയ പായയിൽ സിജോയുടെ മൃതദേഹമാണോ എന്ന സംശയം ചില ബന്ധുക്കൾ ഉന്നയിച്ചത്.
ഇതിനിടെ കല്ലറയിൽ മൃതദേഹം ഉണ്ടെങ്കിൽത്തന്നെ അത് സിജോയുടേത് ആകാൻ സാധ്യതയില്ലെന്ന് സിജോയുടെ ഭാര്യ നിഖില പ്രതികരിച്ചിരുന്നു. തന്നെയും കുഞ്ഞിനെയും നോക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് സിജോ തങ്ങളെ ഉപേക്ഷിച്ച് പോയതാണെന്നാണ് കരുതുന്നതെന്നും അതാണ് കുറെക്കാലം അന്വേഷിക്കാതിരുന്നതെന്നും നിഖില പറഞ്ഞു.
സിജോ മദ്യപിച്ച് വഴക്കിടുമായിരുന്നു. എത്ര പണം കിട്ടിയാലും മദ്യപിച്ച് തീർക്കും. പക്ഷെ, പുറത്തിറങ്ങിയാൽ പ്രശ്‌നക്കാരൻ ആയിരുന്നില്ലെന്നും നിഖില പറയുന്നു. മുറുക്കാൻ മേടിക്കാൻ പോവുകയാണെന്നും പറഞ്ഞാണ് പോയത്. ഫോൺ വിളിച്ച് നോക്കിയപ്പോൽ ഇരിട്ടിയിലാണെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. പിന്നെ മിണ്ടിയിട്ടേയില്ല. ശേഷം താൻ കണ്ടിട്ടില്ലെന്നും നിഖില പറഞ്ഞു. ജീവിച്ചിരിപ്പുണ്ടാവുമെന്നാണ് വിശ്വസിച്ചിരുന്നത്. തന്നെ ഉപേക്ഷിച്ചതായിരിക്കുമെന്നാണ് കരുതിയത്. വഴക്കുണ്ടാക്കി പിരിഞ്ഞതല്ലെന്നും നിഖില പറഞ്ഞു.
Content Highlights: Investigation into the Vaniyapparathattu cemetery vault confirmed no human remains belonging to Sijo Scaria were found., Sijo Scaria went missing in 2015 after leaving his wife's home in Vaniyapparathattu., A formal police complaint was filed in 2021, seven years after he was last seen., DNA tests on unidentified bodies have failed to provide any breakthrough in the case., Wife Nikhila maintains that Sijo left voluntarily and she had no contact with him since the disappearance.
Published: 24 Jun 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented