കൊച്ചി: നടൻ സിദ്ദിഖ് ഒളിവിൽപോയത് ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയെന്ന് റിപ്പോർട്ട്. വിധി വന്നതിനുശേഷം കൊച്ചിയിലെ ഹോട്ടലിൽ നിന്നും സിദ്ദിഖ് കടക്കുകയായിരുന്നു. സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തുക്കളുടെ വാഹനത്തിലായിരുന്നു യാത്ര. ഒളിവിൽ കഴിയുന്നത് കേരളത്തിലാണെന്നും റിപ്പോർട്ടുണ്ട്.

To advertise here,

നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ നടന്റെ ആലുവയിലെ വീട്ടുപടിക്കൽത്തന്നെയുണ്ടായിരുന്നു പോലീസ്. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാൽ ദിലീപിനെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ദിലീപ് ഒളിവിൽ പോകുന്ന സ്ഥിതി ഒഴിവാക്കുന്നതിനും അന്നത്തെ പോലീസ് ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു ജാ​ഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പോലീസിനുണ്ടായില്ല.

ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും ചൊവ്വാഴ്ച രാവിലെത്തന്നെ പോലീസ് എത്തി. രണ്ടുവീടുകളും അടഞ്ഞുകിടക്കുകയായിരുന്നു. ആലുവയിലെ വീട്ടിൽ തിങ്കളാഴ്ച സിദ്ദിഖിന്റെ കാർ കണ്ടിരുന്നതായി ചില പരിസരവാസികൾ പറഞ്ഞിരുന്നു.

തിരച്ചിൽ മുറുകുന്നതിനിടെ സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും കണ്ടെത്തി. അവസാനമായി പാലാരിവട്ടത്തുവെച്ചാണ് ഫോൺ ആക്ടീവായതെന്ന് പോലീസ് പറയുന്നു. നിയമസാധ്യതകൾതേടി സിദ്ദിഖിന്റെ മകനടക്കമുള്ളവർ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

അതിനിടെ, സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഞ്ചുവർഷക്കാലം സർക്കാർ നടപടിസ്വീകരിക്കാത്തത് നിഗൂഢമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2019-ൽ റിപ്പോർട്ട് ലഭിച്ചിട്ടും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള മൗനമാണ് സർക്കാർ സ്വീകരിച്ചതെന്നാണ് കോടതി പറഞ്ഞത്.

റിപ്പോർട്ട് അലമാരയിൽവെച്ചതിന്റെ ശരിതെറ്റുകളും ഇപ്പോൾ സ്വീകരിക്കുന്ന നടപടികളും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പരിശോധിക്കുന്നുണ്ട്. അതിനാൽ കൂടുതൽ പറയുന്നില്ല. -കോടതി പറഞ്ഞു.