
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ മരിച്ച നാലാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. സേലം പുത്തൂർ സ്വദേശി ലക്ഷ്മണന്റെ മൃതദേഹമാണ് ഫയർ ഫോഴ്സിന്റെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. ഷൊർണൂർ റെയിൽവേ പാലത്തിൽ ശുചീകരണ ജോലി നടത്തുന്നതിനിടെയാണ് ദമ്പതിമാരുൾപ്പെടെ മൂന്നുപേർ തീവണ്ടിയിയിടിച്ച് തത്ക്ഷണം മരിച്ചത്.
കൊച്ചിൻ പാലത്തിന്റെ തൂണിനോടുചേർന്നായിരുന്നു ലക്ഷ്മണന്റെ മൃതദേഹം കിടന്നിരുന്നത്. ട്രെയിൻ തട്ടാതിരിക്കാൻ പുഴയിലേക്ക് എടുത്ത് ചാടിയ ലക്ഷ്മണൻ ഒഴുക്കിൽപ്പെടുകയായിരുന്നു. ലക്ഷ്മണന്റെ ഭാര്യ റാണി കഴിഞ്ഞദിവസം മരിച്ചിരുന്നു.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സേലം അയോധ്യപട്ടണം, പുത്തൂർ വില്ലേജ്, അടിമലൈ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. റാണിയും വള്ളിയും ബന്ധുക്കളാണ്. ട്രാക്കിൽനിന്ന് പുഴയിലെ മണലിലേക്ക് തെറിച്ചുവീണാണ് റാണിയും വള്ളിയും മരിച്ചത്. ലക്ഷ്മണന്റെ മൃതദേഹം കാൽ അറ്റുപോയനിലയിൽ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.
അപകടവിവരം തീവണ്ടിയിലെ ലോക്കോപൈലറ്റ് ഷൊർണൂർ ബി കാബിനിലെ സ്റ്റേഷൻമാസ്റ്ററെ അറിയിക്കുകയായിരുന്നു. ഷൊർണൂർ എ, ബി കാബിനുകൾക്കിടയ്ക്ക് രണ്ടുപേരെ തീവണ്ടിയിടിച്ചെന്നായിരുന്നു അറിയിപ്പ്. തുടർന്ന്, റെയിൽവേ സുരക്ഷാസേനയും റെയിൽവേ പോലീസും ഷൊർണൂർ പോലീസും നടത്തിയ പരിശോധനയിലാണ് ലക്ഷ്മണനെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീകളുടെ മൃതദേഹങ്ങൾ പാലത്തിന് താഴെയും കണ്ടെത്തി. ആറുപേരടങ്ങിയ സംഘമാണ് ട്രാക്ക് ശുചീകരിച്ചിരുന്നത്. ഞായറാഴ്ച ഈ വഴിയിലൂടെ കേന്ദ്ര റെയിൽവേ മന്ത്രി കടന്നുപോകുന്നത് കണക്കിലെടുത്തുകൂടിയായിരുന്നു ശുചീകരണമെന്നാണ് സൂചന.
പാലത്തിൽ ശുചീകരണത്തിനും സുരക്ഷാപരിശോധനയ്ക്കുമെത്തുന്നവർക്ക് തീവണ്ടി വരുന്നതറിഞ്ഞാൽ മാറിനിൽക്കാൻ സൗകര്യമുണ്ട്. പക്ഷേ, ഇവരെത്തിയ ഭാഗത്ത് ഇതിനുള്ള സൗകര്യമില്ലായിരുന്നു. ഇവർ ആദ്യമായാണ് ഈ പ്രദേശത്ത് ശുചീകരണത്തിനെത്തിയത്. നാലുപേരും ഓടിമാറാൻ ശ്രമിച്ചിരുന്നതായും ഇവർക്കൊപ്പമുണ്ടായിരുന്ന ശക്‌തിവേൽ പറയുന്നു. സംഭവത്തെത്തുടർന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Content Highlights: A fourth body, identified as Lakshmanan, was found in the Shornur train accident
Published: 03 Nov 2024, 07:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented