കൊച്ചി: കുടുംബ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് താൻ എഴുതിയ ലേഖനത്തിൽ വിമർശിച്ചത് സമൂഹത്തെയാണെന്ന് ശശി തരൂർ എംപി. ജനങ്ങൾക്കൊപ്പം നടക്കുന്ന, ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്ന നേതാക്കളെയാണ് ആവശ്യം. അതാണ് ജനാധിപത്യത്തിന് ഗുണംചെയ്യുകയെന്നും തരൂർ പറഞ്ഞു. താൻ പറഞ്ഞത് ഒരു കുടുംബത്തെക്കുറിച്ച് മാത്രമല്ലെന്നും തന്റെ ലേഖനത്തിൽ ഇരുപതോളം പേരുകൾ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പിഎംശ്രീ പദ്ധതിയിൽ കാവി വത്കരണമില്ല' എന്ന തരൂരിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനും തരൂർ മറുപടി നൽകി. "വിദ്യാഭ്യാസ മേഖല കൺകറന്റ് ലിസ്റ്റിലാണ്. ഇവിടത്തെ സ്കൂൾ സിസ്റ്റമാണ് ഞങ്ങൾ സ്വീകരിക്കുന്നതെന്നും അതിന് പൂർണഅവകാശമുണ്ടെന്നും നമ്മൾ പറയണം. നമുക്ക് പണമാണ് വേണ്ടത്. അത് നമ്മുടെ അവകാശമാണ്. നമ്മൾ നൽകുന്ന ടാക്സ് ആണത്", തരൂർ പറഞ്ഞു.
"ഞാൻ ഒരു പാർട്ടി വക്താവല്ല. പാർട്ടിയുടെ പേരിൽ സംസാരിക്കാൻ എനിക്ക് അവകാശമില്ല. എന്റെ സ്വന്തം അഭിപ്രായത്തിൽ, ഈ പണം എടുക്കാമായിരുന്നു. കാരണം നമ്മുടെ സ്കൂളുകളെ നന്നാക്കാൻ ഈ പണം ആവശ്യമുണ്ട്. പണം വേണ്ട എന്ന് പറയാനുള്ള സ്ഥിതിയല്ല സംസ്ഥാനത്തിന്റേത്. അതുകൊണ്ട് സ്കൂളുകളെ നന്നാക്കാൻ പണം എടുക്കാമായിരുന്നു", അദ്ദേഹം പറഞ്ഞു.
കേന്ദ്രം പണം തരണമെന്നതിൽ സംശയമില്ല. കേരള സർക്കാർ ആവശ്യപ്പെട്ടപ്പോൾ ധനമന്ത്രി നിർമലാ സീതാരാമനെ പോയി കണ്ടു സംസാരിച്ചു. എന്നാൽ, ചില കടലാസുകൾ കൊടുക്കാത്തതുകൊണ്ടാണ് പണം കേന്ദ്രം തരാത്തതെന്നാണ് അറിയിച്ചതെന്ന് തരൂർ പറഞ്ഞു. അവകാശമുള്ളത് കേന്ദ്രത്തിൽനിന്ന് കിട്ടണമെന്നും തരൂർ കൂട്ടിച്ചേർത്തു.
വർക്കിങ് കമ്മിറ്റി അംഗം കൂടിയായ തരൂരിന്റെ പ്രസ്താവനകളും ലേഖനങ്ങളും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ളതാണെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന്, "വർഷങ്ങളായി ഭാരതീയ രാഷ്ട്രീയത്തെക്കുറിച്ച് എഴുതുന്ന ഒരു വ്യക്തിയാണ് ഞാൻ. രാഷ്ട്രീയത്തിൽ വ്യക്തിവത്കരണം സംഭവിച്ചിട്ടുണ്ട്. ഏത് പാർട്ടിയിൽ നോക്കിയാലും ഒരു വ്യക്തിയുടെ മുഖമാണ്. ആ വ്യക്തിയുടെ പേരിലാണ് ജനങ്ങളുടെ മുമ്പിൽ പോകുന്നത്. ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ, ബംഗാളിൽ മമതാ ബാനർജി, ബിഹാറിൽ തേജസ്വി യാദവ്, തമിഴ്നാട്ടിൽ സ്റ്റാലിൻ. എല്ലാവർക്കും അറിയാം, ജയിച്ചാൽ ആരാണ് ഭരിക്കാൻ പോകുന്നത് എന്ന്. അത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി ആവാം. എന്നാൽ ജനങ്ങളുടെ താത്പര്യം മനസ്സിലാക്കി അതിൽ സ്പഷ്ടമായ സന്ദേശം കൊടുക്കാൻ സാധിച്ചാൽ അത് നന്നായിരിക്കും. നേതൃത്വം തീരുമാനിക്കട്ടെ, അദ്ദേഹം പറഞ്ഞു.
ലേഖനത്തിൽ സമൂഹത്തെയാണ് വിമർശിച്ചത്. നടന്റെ മകൻ നടൻ ആകുന്നു, ക്രിക്കറ്ററുടെ മകൻ ക്രിക്കറ്ററാകുന്നു, പല്ലു ഡോക്ടറുടെ മകൻ പല്ലു ഡോക്ടറാകുന്നു എന്ന രീതിയാണ് സമൂഹത്തിൽ കണ്ടുവരുന്നത്. അതുപോലെ രാഷ്ട്രീയക്കാരുടെ മക്കളും രാഷ്ട്രീയക്കാരാകുന്നു. ഇതുസംബന്ധിച്ച എന്റെ അഭിപ്രായം പറഞ്ഞു. ഒരു കുടുംബത്തിൽ നിന്നുതന്നെ ജനപ്രതിനിധിയായി അവകാശത്തിലിരുന്നാൽ ജനങ്ങൾക്ക് ഒരു അകൽച്ച ഉണ്ടാകും. ആ ദൂരം വന്നിട്ടില്ലെങ്കിൽ അവർ വീണ്ടും ജയിക്കും. അല്ലെങ്കിൽ തോൽവി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജനങ്ങളുടെ ഒപ്പം നടക്കുന്ന ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന നേതാക്കളെ ആവശ്യമുണ്ട്. അത് ജനാധിപത്യത്തിന് ഗുണം ചെയ്യുമെന്നാണ് പറഞ്ഞത്. അതിനെ ഒരു കുടുംബത്തെ കുറിച്ച് മാത്രം ആക്കിയത് അന്യായമാണ്. ഒരു കുടുംബത്തേക്കുറിച്ച് മാത്രമല്ല എഴുതിയിരിക്കുന്നത്. പേരുകൾ മാത്രം നോക്കിയാൽ മതി. താക്കറെ മുതൽ യാദവിന്റെ ഉൾപ്പെടെ ഇരുപതോളം പേരുടെ പേരുകൾ ലേഖനത്തിൽ ഉണ്ട്", തരൂർ വിശദീകരിച്ചു.
Content Highlights: Shashi Tharoor Clarifies: Criticism Aimed at Society, Not Just One Family, on Political Dynasties
Published: 29 Nov 2025, 08:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented