തിരുവനന്തപുരം: സ്ഥാനാർഥി ചർച്ചകളിൽ നിന്ന് വിട്ടുനിന്നതും കൊച്ചിയിലെ പരിപാടിയിൽ  അപമാനിതനായെന്ന രീതിയിലുള്ള പ്രചാരണങ്ങളും സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ചിലത് ശരിയായിരിക്കാമെങ്കിലും ഇതിനെക്കുറിച്ച് ഒരു പൊതുചർച്ചയ്ക്ക് താല്പര്യപ്പെടുന്നില്ലെന്നും പറയാനുള്ള കാര്യങ്ങൾ പാർട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽനിന്നും വിട്ടുനിന്നതിനെപ്പറ്റി കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ച തരൂർ പാർട്ടിക്കുള്ളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുമെന്ന് പറഞ്ഞു. സ്ഥാനാർഥി ചർച്ചകളിൽ പങ്കെടുക്കാതിരുന്നത് പാർട്ടി നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിട്ടാണെന്നും  കോഴിക്കോട്ടെ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിന് നേരത്തെ വാക്ക് നൽകിയതിനാലാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം അറിയിച്ചു.

മുൻപ് രാഷ്ട്രീയ കാരണങ്ങളാൽ ജയ്പൂർ ലിറ്റററി ഫെസ്റ്റിവൽ മുടങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടിയ തരൂർ, ലോകത്തിന് മുൻപിൽ ഈ പുസ്തകം പ്രകാശിപ്പിക്കുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും അതിനാൽ ഈ ചടങ്ങ് മാറ്റിവെക്കാൻ ആഗ്രഹിച്ചില്ലെന്നും വ്യക്തമാക്കി. താൻ പാർലമെന്റിൽ സജീവമായി പങ്കെടുക്കുമെന്നും തന്റെ നിലപാടുകൾ പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ കൊച്ചി സന്ദർശനത്തിനിടെ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ പാർട്ടിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനുപിന്നാലെയാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയായ ബിജെപിയെയും പ്രശംസിക്കുന്ന പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി തരൂർ അകന്നുനിൽക്കുകയാണെന്ന് വ്യാപകമായി അഭ്യൂഹമുണ്ടായിരുന്നു.