കൊണ്ടോട്ടി: മലപ്പുറത്ത് 19-കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. ഷഹാനയുടെ നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് അബ്ദുല്‍ വാഹിദും വീട്ടുകാരും മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. കൊണ്ടോട്ടി ഗവണ്മെന്റ് കോളേജില്‍ ബിരുദവിദ്യാര്‍ഥിയായ ഷഹാനയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളാണ് ഷഹാന. ചൊവ്വാഴ്ച രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് 10 മണിയോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു എന്നാണ് വിവരം.
ഷഹാനയ്ക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും ഭാഷ മോശമാണെന്നും സംസാരത്തിന് നിലവാരമില്ലെന്നുമൊക്കെ പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരമായി അപമാനിച്ചിരുന്നു. ക്ലാസില്‍ എല്ലാ കാര്യങ്ങളിലും സ്മാര്‍ട്ട് ആയിരുന്ന ഷഹാന പഠനത്തില്‍ പിന്നോക്കം പോവുകയും വിഷാദവതിയായിരിക്കുകയും ചെയ്യുന്നതുകണ്ട് കോളേജില്‍നിന്ന് വിളിച്ച് അന്വേഷിച്ചപ്പോളാണ് വീട്ടുകാരും കാര്യങ്ങള്‍ തിരക്കിയത്. അപ്പോളാണ് ഭര്‍ത്തൃവീട്ടില്‍ നിന്നുള്ള ആക്ഷേപങ്ങള്‍ മാതാവിനോടും ബന്ധുക്കളോടും പറയുന്നത്.
അബ്ദുല്‍വാഹിദ് ആക്ഷേപിച്ചിരുന്നതായി വീട്ടിലും പറഞ്ഞതോടെ കുട്ടി കൂടുതല്‍ വിഷാദവതിയായി. ഏതാനും ദിവസംമുന്പ് കൈത്തണ്ടയില്‍ മുറിവുണ്ടാക്കി ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് 27-നാണ് മൊറയൂര്‍ പൂന്തലപ്പറമ്പ് സ്വദേശി അബ്ദുല്‍ വഹാബുമായി ഷഹാനയുടെ നിക്കാഹ് കഴിഞ്ഞത്. തുടര്‍ന്ന് വിദേശത്തേക്ക് പോയ ഭര്‍ത്താവില്‍നിന്ന് ഫോണിലൂടെ നിരന്തരമായി യുവതി മാനസികപീഡനം നേരിട്ടിരുന്നതായി കാണിച്ച് മാതാപിതാക്കളും ബന്ധുക്കളും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
നിറത്തിന്റെ പേരിലായിരുന്നു പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നതെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ വരെ നിര്‍ബന്ധിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം കബറടക്കത്തിനുശേഷം തുടങ്ങുമെന്നും കൊണ്ടോട്ടി പോലീസ് അറിയിച്ചു. ഗള്‍ഫിലുള്ള പിതാവ് എത്തിയശേഷം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് കൊണ്ടോട്ടി പഴയങ്ങാടി ജമാ അത്ത് പള്ളിയിലാണ് കബറടക്കം. വിദ്യാര്‍ഥികളായ ഹബീബ് റഹ്മാനും അന്ഷിദുമാണ് ഷഹാനയുടെ സഹോദരങ്ങള്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: shahana mumthas suicide case kondotty malappuram
Published: 14 Jan 2025, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented