പേരാമ്പ്ര: യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനുനേരേ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റു. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഷാഫിയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേതാക്കളും പ്രവര്‍ത്തകരുമായി പത്തോളം പേര്‍ക്കും എട്ടോളം പോലീസുകാര്‍ക്കും പരിക്കേറ്റു. പേരാമ്പ്ര ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപം വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം.

To advertise here,

എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. അദ്ദേഹത്തെ രാത്രിതന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. അഭിലാഷ് അറിയിച്ചു.

അതേസമയം, എംപിക്ക് ലാത്തിച്ചാര്‍ജിനിടെയല്ല പരിക്കേറ്റതെന്ന് റൂറല്‍ എസ്പി കെ.ഇ. ബൈജു അവകാശപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസിനുനേരേ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇവരുടെ തള്ളിക്കയറ്റത്തില്‍ വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രസാദിന്റെ കൈയിലിരുന്ന ഗ്രനേഡ് താഴെവീണ് പൊട്ടി. സാരമായ പരിക്കോടെ അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും എസ്പി അറിയിച്ചു. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാറിനും പരിക്കുണ്ട്.

സികെജിഎം ഗവ. കോളേജ് തിരഞ്ഞെടുപ്പിനുശേഷമുണ്ടായ പ്രശ്‌നങ്ങളില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വെള്ളിയാഴ്ച യുഡിഎഫിന്റെ ഹര്‍ത്താലായിരുന്നു. വൈകീട്ട് ആറോടെ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം ബസ് സ്റ്റാന്‍ഡിന് സമീപം പോലീസ് തടഞ്ഞു.

തൊട്ടുമുന്‍പ് പ്രതിഷേധ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകരും മുദ്രാവാക്യം വിളിയുമായി റോഡിന്റെ എതിര്‍ഭാഗത്ത് തമ്പടിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഷാഫിയും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറും എത്തിയതോടെ പ്രതിഷേധം ശക്തമായി. പ്രകടനം ബസ് സ്റ്റാന്‍ഡ് വരെ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പിരിഞ്ഞുപോകാത്തതിനെത്തുടര്‍ന്നാണ് പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചത്. തുടര്‍ന്നായിരുന്നു ലാത്തിച്ചാര്‍ജ്. ഇതിനിടയില്‍ ഷാഫി പെട്ടുപോയി.

ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എംപി തുടര്‍ന്ന് ഡിവൈഎസ്പി സുനില്‍കുമാറിനോട് പ്രതിഷേധം അറിയിച്ചു. തന്നെ മനപ്പൂര്‍വം പോലീസ് മര്‍ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന്, ബസ് സ്റ്റാന്‍ഡുവരെ പോകാന്‍ പ്രകടനത്തിന് പോലീസ് അനുവാദംനല്‍കി. പ്രവര്‍ത്തകരെ ഷാഫി അവിടെവെച്ച് അഭിസംബോധനചെയ്തശേഷമാണ് ആശുപത്രിയിലേക്കുപോയത്. പിന്നീടും അവിടെ തുടര്‍ന്ന പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു.

സംഭവത്തിനുപിന്നാലെ ജില്ലയില്‍ പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.