തിരുവനന്തപുരം: ബി.എയ്ക്ക് തുല്യമായ ആറാം സെമസ്റ്റർ പരീക്ഷ എഴുതാതെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് പിജി കോഴ്സിലേയ്ക്ക് പ്രവേശനം നൽകിയെന്ന് പരാതി. സർക്കാർ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളേജായ എറണാകുളം മഹാരാജാസിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിലാണ് ആർഷോ പ്രവേശനം നേടിയത്. ബിരുദത്തിനുവേണ്ട ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിനാണ് എസ്.എഫ്.ഐ നേതാവിന് പ്രവേശനം നൽകിയത് എന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ, എം.ജി സർവകലാശാല വി.സി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75 ശതമാനം ഹാജർ വേണമെന്നിരിക്കെയാണ് ഹാജർ 10 ശതമാനം മാത്രമുള്ള ആർഷോ ആറാം സെമസ്റ്ററിൽ പ്രവേശനം നേടിയത്. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനംനൽകാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ഇന്റഗ്രേറ്റഡ് പി.ജി ക്ലാസിൽ പ്രവേശനം നൽകിയിരുക്കുന്നത് എന്നാണ് പരാതി.
ജൂണിന് മുൻപ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആർഷോ പഠിക്കുന്ന അർക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളേജ് കൃത്യമായി നടത്തുകയായിരുന്നു. തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷ റിസൾട്ട് കൂടാതെ, ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാർഥികളെയും ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശിപ്പിച്ചു. ഇവരോടൊപ്പമാണ് പരീക്ഷ എഴുതാൻ യോഗ്യതയില്ലാത്ത ആർഷോയെകൂടി പി.ജി ക്ലാസിൽ പ്രവേശിപ്പിച്ചത്. അർഷോയ്ക്ക് എം.എക്ക് ക്ലാസ് കയറ്റം നൽകുന്നതിനുവേണ്ടിയായിരുന്നു ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷമാത്രം നടത്താതിരുന്നത് എന്ന ആരോപണവുമുണ്ട് .
മഹാരാജാസ് കോളേജ് ഓട്ടോണമസ് ആയതുകൊണ്ട് കോളേജ് പ്രവേശനം, ഹാജർ, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയിൽ കോളേജിന് അഫീലിയേഷൻ നൽകിയിട്ടുള്ള എം.ജി സർവകലാശാലയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യങ്ങൾ പരിശോധിക്കാൻപോലും സർവകലാശാല അധികൃതർ തയ്യാറായില്ലെന്നും പ്രിൻസിപ്പൽ ശുപാർശ ചെയ്യുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുകയാണ് സർവകലാശാല ചെയ്യുന്നതെന്നും പരാതയിൽ ചൂണ്ടിക്കാട്ടുന്നു.
13 ശതമാനം ഹാജരുള്ള രണ്ടാം സെമസ്റ്റർ പി.ജി വിദ്യാർഥിയും മഹാരാജാസ് കോളേജിലെ കെ.എസ്.യു ഭാരവാഹിയുമായ അമൽ ടോമി എന്ന വിദ്യാർഥിയെ ഹൈക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാൻ അനുവദിച്ചെങ്കിലും നിശ്ചിത ശതമാനം ഹാജരില്ലെന്നപേരിൽ കോളേജിൽനിന്ന് നീക്കംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആറാം സെമസ്റ്ററിൽ 10 ശതമാനം മാത്രം ഹാജരുള്ള, ആറാം സെമസ്റ്റർ ബിരുദപരീക്ഷ ജയിക്കാത്ത ആർഷോയ്ക്ക് പിജി പ്രവേശനം നൽകിയത്. യൂണിവേഴ്സിറ്റി അംഗീകരിച്ച റെഗുലേഷൻ പ്രകാരം എല്ലാ സെമസ്റ്ററിനും 75 ശതമാനം ഹാജരുണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതുവാൻ അർഹതയുള്ളൂ.
ഒന്നു മുതൽ ആറു വരെ സെമസ്റ്റർ പരീക്ഷ പാസാകുന്നതിന് 120 ക്രെഡിറ്റ് വേണമെന്നും അവർക്ക് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി കോഴ്സ് അവസാനിപ്പിക്കാവുന്നതാണെന്നും വ്യവസ്ഥയുണ്ട്. പഠനം തുടരുന്ന വിദ്യാർഥികൾക്ക് ഏഴു മുതൽ 10വരെ സെമസ്റ്ററുകളിൽ 80 ക്രെഡിറ്റ് നേടിയാൽ പി.ജി ഡിഗ്രി ലഭിക്കും. മറ്റു കോളേജുകളിൽ നിന്നും ബി.എ പരീക്ഷ പാസാകുന്നവർക്ക് ഏഴാം സെമസ്റ്ററിൽ ലാറ്ററൽ എൻട്രിയിലൂടെ എം.എ ക്ലാസ്സിൽ പ്രവേശനം നൽകുവാനും വ്യവസ്ഥയുണ്ട്.
ഈ വ്യവസ്ഥ നിലനിൽക്കേയാണ് ആറാം സെമസ്റ്റർ പരീക്ഷ പാസാകാത്ത, ആറാം സെമസ്റ്റർ പരീക്ഷ എഴുതാൻ യോഗ്യതപോലും ഇല്ലാത്ത ആർഷോയ്ക്ക് പി.ജി ക്ലാസിൽ രഹസ്യമായി പ്രിൻസിപ്പൽ പ്രവേശനം നൽകിയിരിക്കുന്നത് എന്നാണ് ആരോപണം. ആർഷോ പതിവായി ക്ലാസ്സിൽ ഹാജരാക്കാത്തതുകൊണ്ട് അധ്യാപകർക്കോ സഹപാഠികൾക്കോ കോളേജിൽ തുടർ പഠനം നടത്തുന്നതായി അറിവില്ല. എന്നാൽ, ആർഷോ ബിരുദം കഴിഞ്ഞുള്ള പഠനം തുടരുന്നതായാണ് കോളേജിലെ ഔദ്യോഗിക രേഖകൾ. കോളേജിലെ പ്രവേശനചുമതലയുള്ള പരീക്ഷ കൺട്രോളറുടേയും ചില അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ഒത്താശയോടെയാണ് ഈ പ്രവേശന തിരിമറി നടത്തിയത് എന്നാണ് ആരോപണം. ആർഷോ ആദ്യ സെമസ്റ്റർ പരീക്ഷയിൽ നൂറിൽ നൂറു മാർക്കും നേടിയത് വലിയ വിവാദമായിരുന്നു.
കേരള സർവ്വകലാശാലയുടെ കീഴിലുള്ള കായംകുളം എം.എസ്.എം കോളേജിൽ ബികോം പാസാകാത്ത എസ്.എഫ്.ഐ പ്രവർത്തകൻ നിഖിൽ തോമസ് എംകോമിന് പ്രവേശനം നേടിയതിന് സമാനമായാണ് ആർഷോയുടെ എം.എ ക്ലാസിലേയ്ക്കുള്ള പ്രവേശനമെന്നാണ് ആരോപണം. അന്ന് എസ്.എഫ്.ഐ പ്രവർത്തകന്റെ പ്രവേശനം ന്യായീകരിച്ച് ആർഷോ രംഗത്ത് വന്നിരുന്നുവെങ്കിലും അന്വേഷണത്തെ തുടർന്ന് സർവ്വകലാശാല വിദ്യാർഥിയുടെ തുടർ പഠനം സ്ഥിരമായി വിലക്കി. കാലടി സംസ്കൃത സർവ്വകലാശാലയിലും കഴിഞ്ഞ വർഷം ബിഎ പാസാകാത്ത ആറു വിദ്യാർഥികൾക്ക് എംഎയ്ക്ക് പ്രവേശനം നൽകിയത് പരാതിയെ തുടർന്ന് റദ്ദാക്കിയിരുന്നു.
സി.പി.എം ആഭിമുഖ്യമുള്ള സർക്കാർ കോളേജ് അധ്യാപകസംഘടനയുടെ മുൻ നേതാവും എം.ജി സർവ്വകലാശാല സിന്റിക്കേറ്റ് അംഗവുമാണ് കോളേജ് പ്രിൻസിപ്പൽ എന്നും ആരോപമണമുണ്ട്. എം.ജി സർവകലാശാല അംഗീകരിച്ച റെഗുലേഷന് വിരുദ്ധമായി നിശ്ചിത ഹാജരോ ക്രെഡിറ്റോ ഇല്ലാതെ ആർഷോയ്ക്ക് പി.ജി സെമസ്റ്ററിൽ പ്രവേശനം നൽകിയ കോളേജ് പ്രിൻസിപ്പലിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആർഷോയെ കോളേജ് റോളിൽനിന്ന് നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ട് ഗവർണർ, എം.ജി സർവകലാശാല വി.സി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
Content Highlights: SFI leader Arsho who not pass BA gets admission in Maharajas for MA
Published: 12 Sept 2024, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented