
അങ്കോല(കർണാടക): കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടി ഗംഗാവലി നദിയിൽ തിരച്ചിൽതുടങ്ങി. മത്സ്യത്തൊഴിലാളി ഈശ്വർ മാൽപേയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ 10-ന് നദിയിലിറങ്ങിയത്. എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്തുണ്ട്.
അതിനിടെ, പുഴയുടെ കരയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഈ പ്രദേശത്ത് ആദ്യം തിരച്ചിൽ കേന്ദ്രീകരിക്കുമെന്ന് ഈശ്വർ മാൽപേ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച നദിയിൽ നിന്നും ലോറിയുടെ ജാക്കിലിവർ മുങ്ങിത്തപ്പിയെടുത്തിരുന്നു. ഈ പ്രദേശത്ത് നിന്നും ഏകദേശം 50 മീറ്റർ അകലെയാണ് ഇപ്പോൾ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നേരത്തേ ലോറിയുടെ സിഗ്നൽ ലഭിച്ച ഭാഗത്തുനിന്നുതന്നെയാണ് ജാക്കിലിവർ കിട്ടിയത്. ഇത് അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ഒഴുകിപ്പോയ മറ്റൊരു ടാങ്കർ ലോറിയുടെ വാതിലിന്റെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
രാവിലെ 8.30-ഓടെ മാൽപേയും സംഘവും തയ്യാറായിരുന്നെങ്കിലും ജില്ലാ കളക്ടർ സ്ഥലത്തെത്തിയതിന് ശേഷം പുഴയിലിറങ്ങിയാൽ മതിയെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ദൗത്യം വൈകിയത്. എന്നാൽ, 10-ഓടെയും കളക്ടർ എത്താതെ വന്നതോടെയാണ് മാൽപേ നദിയിലേക്കിറങ്ങിയത്. മാധ്യമങ്ങൾക്ക് പ്രദേശത്തേക്ക് കടക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. സ്ഥലത്ത് നിന്നും മാധ്യമപ്രവർത്തകർ മാറി നിൽക്കണമെന്ന് പോലീസ് അറിയിച്ചു.
ജൂലായ് 16-നാണ് അർജുനെ കാണാതായത്. 28-ന് തിരച്ചിൽ അവസാനിപ്പിച്ചു. ചൊവ്വാഴ്ചയാണ് പുനരാരംഭിക്കുന്നത്. കാലാവസ്ഥ അനുകൂലമായിട്ടും തിരച്ചിൽ പുനരാരംഭിക്കാത്തതിനെതിരേ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഇപ്പോൾ നടപടിയുണ്ടായത്.
Content Highlights: Search for Arjun, Presence of fuel on the banks of the Gangavali
Published: 14 Aug 2024, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented