തിരുവനന്തപുരം: വേതനവര്‍ധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ അനുകൂലിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലെ നിലപാടുകൾ സ്ഥിരീകരിച്ച് കവി കെ. സച്ചിദാനന്ദന്‍. ആക്ടിവിസ്റ്റുകള്‍ ഭാഗമായ ഒരുവാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയില്‍ താന്‍ പങ്കുവെച്ച സന്ദേശമാണ് പുറത്തുവന്നതെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു. പറഞ്ഞകാര്യങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

To advertise here,

ആശാവര്‍ക്കര്‍മാരുടെ ജോലിക്കനുസരിച്ചുള്ള വേതനവര്‍ധനവ് എന്ന ആവശ്യം വെറുംനീതിയാണെന്ന് കവി സച്ചിദാനന്ദന്‍ ശബ്ദസന്ദേശത്തില്‍ പറയുന്നു. സമരം കേരള സര്‍ക്കാരിനെതിരാണെന്നതില്‍ തെറ്റില്ല. ആശാവര്‍ക്കര്‍മാര്‍ക്ക് അവകാശപ്പെട്ടത് കൊടുക്കുക എന്നത്, തൊഴിലാളികളുടെ കൂടെ നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെ പ്രധാനചുമതലയാണ്. ചുരുങ്ങിയത് അവരെ തെറി പറയാതിരിക്കുക. എളമരം കരീമിന്റെയൊക്കെ ഭാഷ കേട്ടാല്‍ മനുഷ്യന് സഹിക്കാന്‍ പറ്റില്ലെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കുന്നു.

സമരത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കണം. ചുരുങ്ങിയത് മര്യാദയ്ക്ക് സംസാരിക്കാന്‍ പഠിക്കുക. പാര്‍ട്ടിയുടെ അടിമയാവേണ്ടതില്ല. വ്യക്തികള്‍ പാര്‍ട്ടിക്കും മീതേയാണ്. ഇത്തരം സമരങ്ങളിലെങ്കിലും പാര്‍ട്ടിക്ക് അതീതമായി ചിന്തിക്കാന്‍ ശീലിക്കണം. ആശാ വര്‍ക്കര്‍മാരുടെ സമരത്തോട് 100% അനുഭാവമാണ് തനിക്കുള്ളതെന്നും അദ്ദേഹം അടിവരയിട്ടു.

'ഇതുപറഞ്ഞതുകൊണ്ട്  സാഹിത്യഅക്കാദമി പ്രസിഡന്റായി തുടരുന്നില്ലെങ്കില്‍ എനിക്ക് വളരെ സന്തോഷമേയുള്ളൂ. എനിക്ക് ഒട്ടും താത്പര്യമില്ലാതെ, നിര്‍ബന്ധിച്ച് എന്നെക്കൊണ്ട് ഏറ്റെടുപ്പിച്ചൊരുകാര്യമാണ്. ഏത് നിമിഷവും പോവാന്‍ തയ്യാറായാണ് ആദ്യത്തെ ദിവസംതൊട്ട് ഞാന്‍ വന്നത്. ആദ്യത്തെ ദിവസംതന്നെ ഞാന്‍ ചെയ്തകാര്യം എല്ലാവര്‍ക്കും അറിയാം. അത് സര്‍ക്കാരിന് അനുകൂലമല്ലാത്തൊരു കാര്യമായിരുന്നു. അതുകൊണ്ട് അത്തരത്തിലൊരു ഭയമില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സച്ചിദാനന്ദന്റെ വാക്കുകള്‍:
ആശ വര്‍ക്കര്‍മാരുടെ സമരത്തെപ്പറ്റി എനിക്കും ആദ്യം സംശയമുണ്ടായിരുന്നു. പ്രത്യേകിച്ചും സുരേഷ് ഗോപി ചെന്നപ്പോഴൊക്കെ, അതൊക്കെ ഞാന്‍ ഫെയ്‌സ്ബുക്കില്‍ പ്രകടിപ്പിക്കുകയും ചെയ്തു. അതിന് ശേഷം കൃത്യമായ വിവരങ്ങള്‍ കിട്ടി. ഗോപി ചെന്നത് മഴയായപ്പോള്‍ കുടയുംകൊണ്ടാണ്, സെന്‍ട്രല്‍ മിനിസ്ട്രിയില്‍ പ്രശ്‌നം അവതരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു പോയി. പിന്നെ അറിഞ്ഞത്, കേന്ദ്രം തരേണ്ട തുക മുഴുവനും നൽകി എന്നൊരിടത്തുകണ്ടു, 95% നൽകി വേറൊരിടത്തും കണ്ടു. ഏതായാലും അത് കേരള സര്‍ക്കാരിന് കിട്ടിക്കഴിഞ്ഞിട്ടുണ്ട്. അത് പറയുന്നത് ശരിയേയല്ല. കേന്ദ്ര സര്‍ക്കാരിനെതിരായല്ല സമരം, കേരള സര്‍ക്കാരിനെതിരാണെന്നതില്‍ തെറ്റില്ല. പക്ഷേ, അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കാര്യംകൂടി അവര്‍ പറയേണ്ടതാണ്. പറഞ്ഞിട്ടില്ലെങ്കില്‍, അത് ഞാന്‍ നേരിട്ടൊന്നും കണ്ടിട്ടില്ല, തീര്‍ച്ചയായും അവര്‍ പറയേണ്ടതാണ്. ഞാന്‍ കണ്ട ഒന്നുരണ്ട് അഭിമുഖങ്ങളില്‍ ആശ വര്‍ക്കര്‍മാര്‍ ഇക്കാര്യം പറയുന്നുമുണ്ട്-കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും ഉത്തരവാദിത്വമാണെന്നുള്ളത്.

ആശവര്‍ക്കര്‍മാരുടെ സേവനം തുടങ്ങിയത് ഒരുതരം അസിസ്റ്റന്‍സ് പോലെയൊക്കെയാണ്. പിന്നീട് അവര്‍ക്ക് ഒരുപാട് ചുമതലകള്‍, ജോലികള്‍ കൂട്ടിയിട്ടുണ്ട്. അതിനനുസരിച്ചുള്ള വേതനവര്‍ധനവ് വെറുംനീതിയാണ്. അത് ആരുചോദിച്ചാലും, എസ്.യു.സി.ഐ. ആവട്ടെ, കോണ്‍ഗ്രസ് ആവട്ടെ മറ്റ് പാര്‍ട്ടികളോ യൂണിയനുകളോ ആവട്ടെ, ആര് ചോദിച്ചാലും അതിലൊരു വെറുംനീതിയുണ്ട്. ആദ്യം തുടങ്ങിയതുപോലെയല്ല ആശ വര്‍ക്കര്‍മാരുടെ ഇന്നത്തെ ഡ്യൂട്ടി. ഒരുപാട് ഡ്യൂട്ടിയുണ്ട്, ഒരുപാട് ജോലിയുണ്ട്. അതുകൊണ്ടുമാത്രം കഴിയുന്ന ആളുകളുണ്ട്. അതുകൊണ്ട് അവര്‍ക്ക് അവകാശപ്പെട്ടത് കൊടുക്കുക എന്നുള്ളത് തൊഴിലാളികളുടെ കൂടെ നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ, പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ചുമതലയാണ്.

നമ്മളെല്ലാം വര്‍ഗത്തില്‍ക്കൂടി കാണാന്‍ ശീലിച്ചവരോ, ശീലിക്കപ്പെട്ടവരോ ആണ്. അത് ശരിയല്ലെങ്കില്‍പ്പോലും. കാരണം വര്‍ഗം മാത്രമല്ല, വര്‍ഗം, ജാതി ലിംഗം, വര്‍ണം, ഇതൊക്കെ തന്നെ സമൂഹത്തില്‍ ശ്രേണീക്രമങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം ഒരേപോലെ പ്രധാനമാണെന്ന് കരുതുന്ന ആളാണ് ഞാന്‍. വര്‍ഗമാണ് പ്രധാനമെന്ന് കരുതുന്നതെങ്കില്‍, ഈ ആശാ വര്‍ക്കര്‍മാരെ ഏത് വര്‍ഗത്തിലാണ് പെടുത്തേണ്ടത്? ഇന്നത്തെ ശമ്പളംവെച്ചുനോക്കുകയാണെങ്കില്‍ ഇന്നത്തെ കേരളത്തിന്റെ സാമൂഹികാവസ്ഥയും സാമ്പത്തികാവസ്ഥയും വെച്ച്, വളരെ താഴ്ന്ന തലത്തിലുള്ള മനുഷ്യരാണ്. മനുഷ്യര്‍ എന്നുതന്നെ ഞാന്‍ പറയട്ടെ. അതുകൊണ്ട് അവരെ സഹായിക്കുക, അവരെ കേള്‍ക്കുക, ചുരുങ്ങിയത് അവരെ തെറിപറയാതിരിക്കുക. എളമരം കരീമിന്റെയൊക്കെ ഭാഷ കേട്ടാല്‍ മനുഷ്യന് സഹിക്കാന്‍ പറ്റില്ല. സ്ത്രീകളായതുകൊണ്ടുമാത്രം അവരെ ചീത്തപറയുക, ഇത്തരം വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന വൃത്തികെട്ട മനുഷ്യര്‍ ഉള്ളിടത്തോളം കാലം നമുക്ക് കമ്യൂണിസം ഉണ്ടാവില്ല, വര്‍ഗസമരമുണ്ടാവില്ല, വര്‍ഗസഹാനുഭൂതിയുണ്ടാവില്ല. അതുകൊണ്ട് ചുരുങ്ങിയത് മര്യാദയ്ക്ക് സംസാരിക്കാന്‍ പഠിക്കുക, ഒത്തുതീര്‍പ്പിന് ശ്രമിക്കുക ഈ കാര്യങ്ങള്‍ വളരെ ആവശ്യമാണ്.

പാര്‍ട്ടി എന്ന് പറഞ്ഞ് പാര്‍ട്ടിയുടെ അടിമയാവേണ്ടകാര്യമില്ല. പാര്‍ട്ടിക്കും മീതെയാണ് വ്യക്തികള്‍. അവര്‍ക്ക് സ്വന്തമായി ചിന്താശക്തിയുണ്ട്. ഇത്തരം സമയങ്ങളിലെങ്കിലും പാര്‍ട്ടിക്ക് അതീതമായി, വര്‍ഗത്തിന്റെ അടിസ്ഥാനത്തിലോ ലിംഗത്തിന്റെ അടിസ്ഥാനത്തിലോ, എപ്പോഴാണോ അങ്ങനെ ചിന്തിക്കേണ്ടത്, അങ്ങനെ ചിന്തിക്കാന്‍കൂടി ശീലിക്കേണ്ടതുണ്ട്.

അതുകൊണ്ട് ആശാവര്‍ക്കര്‍മാരുടെ സമരത്തോട് 100% അനുഭാവമാണ് എനിക്കുണ്ടായിരുന്നത്, ഇപ്പോഴുമുള്ളത്. അതില്‍ യാതൊരു മാറ്റവുമില്ല.

ഇതുപറഞ്ഞതുകൊണ്ട്  സാഹിത്യഅക്കാദമി പ്രസിഡന്റായി തുടരുന്നില്ലെങ്കില്‍ എനിക്ക് വളരെ സന്തോഷമേയുള്ളൂ. എനിക്ക് ഒട്ടും താത്പര്യമില്ലാതെ, നിര്‍ബന്ധിച്ച് എന്നെക്കൊണ്ട് ഏറ്റെടുപ്പിച്ചൊരുകാര്യമാണ്. ഏത് നിമിഷവും പോവാന്‍ തയ്യാറായാണ് ആദ്യത്തെ ദിവസംതൊട്ട് ഞാന്‍ വന്നത്. ആദ്യത്തെ ദിവസംതന്നെ ഞാന്‍ ചെയ്തകാര്യം എല്ലാവര്‍ക്കും അറിയാം. അത് സര്‍ക്കാരിന് അനുകൂലമല്ലാത്തൊരു കാര്യമായിരുന്നു. അതുകൊണ്ട് അത്തരത്തിലൊരു ഭയമില്ല.

ജീവിതത്തില്‍ ഒരിക്കലും അങ്ങനെയൊരു ഭയം അറിഞ്ഞിട്ടില്ലാത്ത ആളാണ്. കുട്ടിക്കാലത്ത് ചില പേടികള്‍ ഒഴിച്ചാല്‍, അങ്ങനെയുള്ള ഭയങ്ങള്‍ ഒരിക്കലും കാണിച്ചിട്ടില്ല. ഞാന്‍ അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്, എനിക്കെതിരെ കേസുണ്ടായിട്ടുണ്ട്. അത് സോ- കോള്‍ഡ് കമ്യൂണിസ്റ്റ് ഭരണകാലത്തുതന്നെയാണ്. അതുകൊണ്ട് അത്തരത്തിലുള്ള ഭയങ്ങളൊന്നും എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല. ഇപ്പോള്‍ 78 വയസ്സായി, ഇനി മരിക്കാനും അല്പംപോലും ഭയമില്ല.

അതുകൊണ്ട് അങ്ങനെയൊന്നും പറഞ്ഞ് പേടിപ്പിക്കാനോ പിന്തിരിപ്പിക്കാനോ നോക്കേണ്ട, ഞാന്‍ സത്യത്തിന്റേയും നീതിയുടേയും കൂടെ നില്‍ക്കും, അങ്ങനെ നിന്നിട്ടുണ്ട്, അങ്ങനെ മാത്രമേ നിന്നിട്ടുള്ളൂ. വ്യക്തിജീവിതത്തിലും ഞാന്‍ ആ ശുദ്ധി പാലിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഒരുതരത്തിലുമുള്ള പേടിയുമില്ല. ഏത് പാര്‍ട്ടിയായാലും ഏത് വിഭാഗമായാലും പറയേണ്ടത് ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും പറഞ്ഞുകൊണ്ടിരുന്നിട്ടുമുണ്ട്. പ്രസിഡന്റായപ്പോഴും പറഞ്ഞിട്ടുണ്ട്, അതിന് മുമ്പും പറഞ്ഞിട്ടുണ്ട്, അതിന് ശേഷവും പറഞ്ഞിട്ടുണ്ട്.

ഇത്തരം കാര്യങ്ങള്‍ നീതിയുടെ ഭാഗത്ത് നില്‍ക്കുന്ന നിലപാടെടുക്കണം. വര്‍ഗീയ വിദ്വേഷത്തിന്റെ കാര്യമായാലും ശരി, ഈ തരത്തിലുള്ള തൊഴിലാളികളുടെ വേതനത്തിന്റെ കാര്യമായാലും ശരി, ശരിയും സത്യവും എവിടെയാണെന്ന് അന്വേഷിക്കുകയെങ്കിലും വേണം. പാര്‍ട്ടി അല്ലെങ്കില്‍ പാര്‍ട്ടി പത്രം പറയുന്നത് കേള്‍ക്കരുത്. ഏത് പാര്‍ട്ടിയുടേത് ആയാലും. ഏതെങ്കിലും ഒരു പാര്‍ട്ടിയുടേത് അല്ല പറയുന്നത്, പാര്‍ട്ടി പത്രം കേട്ട് അതാണ് ശരി എന്ന് വിചാരിക്കരുത്. അത് ശരിയല്ല എന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഒരുപാട് കൃത്യമായ വാര്‍ത്തകള്‍ അതിനെപ്പറ്റി വന്നിട്ടുണ്ട്. വളരേ ആലോചിച്ച്, നീതിയുടെ പക്ഷം ഏതാണെന്ന് മാത്രം ആലോചിച്ച് മാത്രം നിലപാട് എടുക്കണമെന്നാണ് എന്റെ അഭിപ്രായം. അതിനെയാണ് ഞാന്‍ എല്ലാകാലത്തും പിന്തുടരാന്‍ പോകുന്നതും പിന്തുടര്‍ന്ന് പോന്നിട്ടുള്ളതും.

സച്ചിദാനന്ദന്‍റെ ഓഡിയോ ക്ലിപ്പ്