കോഴിക്കോട്: കേരളതീരത്ത് മത്തിക്കുഞ്ഞുങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ 10 സെന്റിമീറ്ററിൽ താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യഗവേഷണസ്ഥാപനം (സിഎംഎഫ്ആർഐ). നിയമപരമായി പിടിക്കാവുന്ന വലുപ്പമാണ് 10 സെന്റി മീറ്റർ.
അനുകൂലമായ മഴയിൽ കടലിന്റെ ഉപരിതലം കൂടുതൽ ഉത്പാദനക്ഷമമായതാണ് മത്തി വൻതോതിൽ കേരളതീരത്ത് ലഭ്യമാകാൻ കാരണമെന്ന് സിഎംഎഫ്ആർഐ പഠനം കണ്ടെത്തിയിരുന്നു. എണ്ണത്തിൽ വർധനയുണ്ടായതോടെ ഭക്ഷ്യലഭ്യതയിൽ ക്രമേണ കുറവുണ്ടാവുകയും അത് വളർച്ചയെ ബാധിച്ചതായും വ്യക്തമായി. എന്നാൽ, മത്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് പഠനം തെറ്റായി വിലയിരുത്തപ്പെട്ടെന്നും മത്തി ഇനി വളരില്ലെന്ന രീതിയിലുളള വ്യാഖ്യാനങ്ങൾ ശരിയല്ലെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
തീരക്കടലുകൾ ഇപ്പോഴും ഉയർന്ന ഉത്പാദനക്ഷമമാണെന്നതിനാൽ ചെറുമത്തികൾ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താൻ നിയമപ്രകാരമുള്ള നിയന്ത്രിത മത്സ്യബന്ധനമാണ് വേണ്ടത്. മത്തിയുടെ ലഭ്യതയും വളർച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണുള്ളത്. ഇവയുടെ ലഭ്യതയിൽ തകർച്ച നേരിടാതിരിക്കാൻ സുസ്ഥിരമായ മത്സ്യബന്ധനരീതികൾ സ്വീകരിക്കേണ്ടതാണ്. മത്തിയുടെ പ്രജനനത്തിനും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ഇത് നിർണായകമാണെന്നും സിഎംഎഫ്ആർഐ ഗവേഷകർ ചൂണ്ടിക്കാട്ടി. തീരെ ചെറിയ മത്തിപിടിക്കുന്നത് മത്തിലഭ്യതയെ ദോഷകരമായി ബാധിക്കുമെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. യു. ഗംഗ പറഞ്ഞു.
ചില പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾ ചെറുമത്സ്യങ്ങൾ ഉള്ളയിടങ്ങൾ ഒഴിവാക്കുന്നതും വലിയ കണ്ണിയുള്ള വല ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടു ണ്ടെന്നും അത്തരം സമീപനമാണ് വേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: sardine kerala cmfri
Published: 14 Oct 2025, 08:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented