കൊച്ചി: ‘ഈ വാലന്റൈൻസ് ഡേയിലും ഞാൻ അദ്ദേഹത്തെ കാണുന്നുണ്ട്. പോലീസുകാർക്കും അഭിഭാഷകർക്കുമെല്ലാം ഇടയിലുള്ള മറ്റൊരു കൂടിക്കാഴ്ച. നീതിയുടെ വാതിൽ ഞങ്ങൾക്കായി ഒരു ദിവസം തുറക്കും. ജയിലഴികൾക്കുള്ളിൽ നിന്ന് ഞാനദ്ദേഹത്തെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവരും.’ പറയുന്നത് ശ്വേതാ ഭട്ട്. ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോദിക്കെതിരേ മൊഴി നൽകിയ, മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ.

To advertise here,

നീതിക്കായുള്ള ശ്വേതയുടെ പോരാട്ടത്തിന് ഇപ്പോൾ നാലരവർഷത്തോളമുണ്ട് നീളം. ‘എനിക്കൊപ്പം സത്യമുണ്ടെ’ന്ന ഭർത്താവിന്റെ വാക്കുകളാണ് വഴിനടത്തുന്നത്. ‘പ്രതീക്ഷ നശിച്ചിട്ടില്ല. അധികാരവും പണവും ആൾബലവുമെല്ലാം മറുപക്ഷത്താണ്. പക്ഷേ, നീതിക്കാവില്ലേ അന്തിമ ജയം...’ ശ്വേത ചോദിക്കുന്നു.

‘ഭരണകൂട ഭീകരതയുടെ ഇരയാണ് സഞ്ജീവ്. നാലരവർഷത്തോളമായി അദ്ദേഹം ജയിലിലാണ്. ജാമ്യം പോലും ലഭിച്ചിട്ടില്ല. എത്ര കുറ്റങ്ങളാണ് സഞ്ജീവിനെതിരേ ചുമത്തിയിരിക്കുന്നത്. ഒരുദ്യോഗസ്ഥനും സത്യസന്ധമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണിവിടെ- ശ്വേത പറയുന്നു.

ചലച്ചിത്രകാരനും കാർട്ടൂണിസ്റ്റുമായ കെ.പി. ശശിയുടെ ഓർമയ്ക്കായി കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് ശ്വേത.

സഞ്ജീവിന്റെ ധൈര്യമാണ് എനിക്ക് ശക്തി പകരുന്നത്. കോടതിയിൽ കൊണ്ടുവരുമ്പോഴെല്ലാം അദ്ദേഹത്തെ കാണാൻ ഞാൻ പോകാറുണ്ട്. വരുന്ന ചൊവ്വാഴ്ചയാണ് അടുത്ത സിറ്റിങ്. അന്ന് വാലന്റൈൻസ് ഡേ കൂടിയാണല്ലോ...

കേസിൽ നിന്ന് അഭിഭാഷകർ പിൻമാറുന്നു. പുതിയ കേസുകൾ ചുമത്തുന്നു. ഇങ്ങനെ ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങളാണ്. വീടിന്റെ ഒരു ഭാഗം അവർ തകർത്തു. ഞങ്ങളെ അപകടത്തിൽപ്പെടുത്താൻ നോക്കി. ജയിലിൽ നിന്ന് സഞ്ജീവ് ഒരിക്കലും പുറത്തുവരരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്.

കേരളം ഉൾപ്പെടെ പല സ്ഥലത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഗുജറാത്തിലെ ജനങ്ങൾക്ക് സഞ്ജീവിനെ അടുത്തറിയാം. അതുപോലെ തന്നെ അവർക്ക് മോദിയെയും അമിത് ഷായെയും അറിയാം. അതുകൊണ്ട് അവിടെ നിന്ന് കാര്യമായ പരസ്യപിന്തുണ പ്രതീക്ഷിക്കാനാകില്ല, പേടി തന്നെ പ്രശ്നം.

'ഭരണകൂടം സഞ്ജീവിനെ ഭയക്കുന്നു'

കൊച്ചി: അന്യായ തടങ്കലിൽ കഴിയുന്ന സഞ്ജീവ് ഭട്ടിന് നീതി തേടിയുള്ള പോരാട്ടത്തിൽ കേരളം നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഭാര്യ ശ്വേത ഭട്ട്. അന്തരിച്ച ചലച്ചിത്ര പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ കെ.പി. ശശിയുടെ ഓർമയ്ക്കായി സുഹൃത്തുക്കൾ സംഘടിപ്പിച്ച 'ലിവിങ് ഇൻ റെസിസ്റ്റൻസ്' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ.

ഭരണകൂടം സഞ്ജീവിനെ ഭയക്കുന്നുണ്ടെന്ന് ശ്വേത ഭട്ട് പറഞ്ഞു. നീതിപീഠത്തിന്റെ സമീപനം മടുപ്പിക്കുന്നതാണെങ്കിലും ഭർത്താവിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. കന്ധമാലിലെ വർഗീയ കലാപത്തിന്റെ ഇരകളെ പ്രതിനിധാനം ചെയ്ത് ഫാ. അജയ് കുമാർ സിങ്, മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ, ജനയുഗം പത്രം എഡിറ്റർ രാജാജി മാത്യു തോമസ്, കെ.പി. സേതുനാഥ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കെ.പി. ശശി വരച്ച കാർട്ടൂണുകൾ ഉൾക്കൊള്ളുന്ന ഇൻസ്റ്റലേഷൻ ഒരുക്കിയിരുന്നു. ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു. ശശിയുടെ സുഹൃത്തു കൂടിയായ കൊൽക്കത്തയിൽ നിന്നുള്ള ഗായകൻ സുസ്മിത് ബോസിന്റെ സംഗീത പരിപാടിയോടെയാണ് 'ലിവിങ് ഇൻ റെസിസ്റ്റൻസ്’ സമാപിച്ചത്.