പാലക്കാട്: ഇത്തവണ നിയമസഭയിൽ പാലക്കാടിന്റെ പ്രശ്നങ്ങൾ ഉന്നയിക്കാൻ 12 എം.എൽ.എ.മാർ മാത്രമല്ല, തൃക്കരിപ്പൂരിൽനിന്ന് ജയിച്ച സന്ദീപ് വാരിയരും കാസർകോടിനൊപ്പം പാലക്കാടിന്റെയും ശബ്ദമാവും. ‘‘ജയിച്ച മണ്ഡലത്തോട് പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ട്, തളർത്താൻ ശ്രമിച്ചപ്പോഴൊക്കെ താങ്ങായിനിന്ന പാലക്കാടിനെയും എന്നും ചേർത്തുപിടിക്കും’’- പാലക്കാട് ചെത്തല്ലൂരുകാരനായ നിയുക്ത എം.എൽ.എ. സന്ദീപ് വാരിയർ പറഞ്ഞു.

To advertise here,

“ഒരുപാട് വെല്ലുവിളികൾ മറികടന്നാണ് തൃക്കരിപ്പൂരിലെ പ്രവർത്തകർ എനിക്കൊപ്പം ഇറങ്ങിയത്, അത്രത്തോളം പിന്തുണ നൽകിയ വോട്ടർമാരുടെയും ശബ്ദമായി പ്രവർത്തിക്കുകയാണ് മുന്നിലെ ദൗത്യം. എത്രയുംപെട്ടെന്ന് തൃക്കരിപ്പൂരിൽ എം.എൽ.എ. ഓഫീസ് തുറന്ന് അവരുടെ സേവകനായി സജീവമാകണം”- സന്ദീപ് വാരിയർ പറഞ്ഞു.

തീരദേശവും മലയോരവും ഉൾപ്പെടുന്ന മിശ്രഭൂപ്രകൃതിയാണ് തൃക്കരിപ്പൂരിന്റേത്. കാർഷികവൃത്തിക്കും വളക്കൂറുള്ള മണ്ഡലം. സ്ഥാനാർഥിയായി ഇവിടെയെത്തിയപ്പോൾ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളും അവരുടെ ആവശ്യങ്ങളും അടുത്തറിയാനായി. ആ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ട് മണ്ഡലത്തിൽ വികസനം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സന്ദീപ് വാരിയർ പറഞ്ഞു.

‘പ്രചാരണം തുടങ്ങിയതുമുതൽ വോട്ടെടുപ്പു ദിവസംവരെ വലിയ പ്രതിസന്ധികളാണ് ഇവിടത്തെ പ്രവർത്തകർ നേരിടേണ്ടിവന്നത്. കടന്നുചെല്ലാൻ കഴിയാത്ത ഒട്ടേറെ മേഖലകളുണ്ടായിരുന്നു. എന്നാൽ, വികസനം കടന്നുചെല്ലാൻ കഴിയാത്ത ഒരിടംപോലും ഇനി മണ്ഡലത്തിലുണ്ടാവരുത്’. ജയിപ്പിച്ച മണ്ഡലമെന്നപോലെ തനിക്ക് കരുത്തേകിയ പാലക്കാടിന്റെ ആവശ്യങ്ങളും നിയമസഭയിലെത്തിക്കുമെന്ന് സന്ദീപ് വാരിയർ പറയുന്നു. ‘തനിക്കുമുന്നിൽ പരാതിയുമായെത്തുന്നവരുടെ രാഷ്ട്രീയവും മണ്ഡലവും നോക്കാതെ അവർക്കായി പറ്റുന്നതെല്ലാം ചെയ്യണം. പാലക്കാട് തനിക്ക് എം.എൽ.എ. ഓഫീസില്ലെങ്കിലും ജില്ലയിലുണ്ടെങ്കിൽ തന്നെ കാണാനും അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും ആർക്കും ഒരുതടസ്സവുമില്ല’. സന്ദീപ് വാരിയർ പറഞ്ഞു.

തിളക്കമാർന്ന വിജയത്തിനുശേഷം പറ്റുന്നത്ര നേതാക്കളെ നേരിൽക്കണ്ട് അനുഗ്രഹം വാങ്ങി. പിന്നീട് ചെത്തല്ലൂരിലെ വീട്ടിലെത്തിയ സന്ദീപ് വാരിയർക്ക് വലിയ സ്വീകരണമാണ് നാട്ടുകാരും പ്രവർത്തകരും ഒരുക്കിയത്.