ശബരിമല: സ്വാമിദർശനത്തിനുള്ള വെർച്വൽ ക്യൂവിന്റെ രീതികൾ പരിഷ്‌കരിക്കും. തീർഥാടകർക്ക് കൂടുതൽ ഗുണകരമാകുംവിധമുള്ള മാറ്റങ്ങൾ ഈ തീർഥാടനകാലം കഴിഞ്ഞാൽ ചർച്ചചെയ്യും.

To advertise here,

ഒരേ വ്യക്തി പലദിവസം ബുക്ക് ചെയ്യുന്നത് ഒഴിവാക്കും. ഉദാഹരണത്തിന് ഒരാൾ തിങ്കളും വെള്ളിയും ബുക്ക് ചെയ്യുന്നുവെന്ന് കരുതുക. ഈ രണ്ട് ദിവസവും ആ സ്ലോട്ട് ബുക്ക്ഡ് ആണ്. എന്നാൽ ഇദ്ദേഹം ഇതിൽ ഒരുദിവസമേ വന്നുള്ളൂവെങ്കിൽ മറ്റേ ദിവസം മറ്റൊരാളുടെ അവസരം നഷ്ടമാകും.

ഇനിമുതൽ, ഒരാൾ ബുക്ക് ചെയ്ത ദിവസം ക്യാൻസൽ ചെയ്താൽ മാത്രമേ മറ്റൊരുദിവസം ബുക്ക് ചെയ്യാനാകൂ എന്ന രീതി കൊണ്ടുവരാനാണ് ആലോചിക്കുന്നത്.

ബുക്കിങ്ങിനൊപ്പം ഒരു പായ്ക്കറ്റ് അപ്പം അല്ലെങ്കിൽ അരവണയുടെ പണംകൂടി അടയ്ക്കുന്ന രീതി കൊണ്ടുവരാനും ആലോചിക്കുന്നു. പ്രസാദം വേണ്ടെങ്കിൽ ദർശനം കഴിയുമ്പോൾ പണം മടക്കിക്കൊടുക്കും. അല്ലെങ്കിൽ രസീത് കാട്ടിയാൽ ആ പ്രസാദം വാങ്ങാം. ബുക്ക് ചെയ്യുന്നയാൾക്ക് കൂടുതൽ ഉത്തരവാദിത്വം ഉണ്ടാക്കുകയാണ് ലക്ഷ്യം.

അതേപോലെ പരമ്പരാഗതപാതയിലൂടെ എത്രപേരേ കടത്തിവിടണമെന്നതിലും പുതിയ ക്രമീകരണം ഉണ്ടാക്കും. പലപ്പോഴും ബുക്കിങ് ഇല്ലാതെയും അയ്യപ്പൻമാർ ഈ പാതയിലേക്ക് പലയിടത്തുനിന്ന് പ്രവേശിക്കുന്നുണ്ട്. എരുമേലി-കരിമല-പമ്പ പാത, പുല്ലുമേട്-സന്നിധാനം പാത, നിലയ്ക്കൽ-പമ്പ റോഡ് എന്നിവയിലൂടെ വരുന്നവരുടെ എണ്ണം മുൻകൂട്ടി അറിയുക എന്നതാണ് ലക്ഷ്യം. ബുക്കിങ് ഇല്ലാതെ വന്ന് ഇടത്താവളങ്ങളിൽ പോലീസുമായി കലഹിക്കേണ്ട സാഹചര്യം ഒഴിവാക്കും. സന്നിധാനത്ത് ലക്ഷത്തിനുമേലേ അയ്യപ്പൻമാരെ ഉൾക്കൊള്ളാൻ പ്രായോഗികപ്രയാസം ഉണ്ടെന്ന് പോലീസ് പറയുന്നു.

അതേപോലെ മാസപൂജയുടെ സമയത്തും വെർച്വൽ ക്യൂ ബുക്കിങ്ങോ സ്‌പോട്ട് ബുക്കിങ്ങോ നിർബന്ധമായും ഉറപ്പാക്കും. ഈ സംവിധാനം എല്ലാ സമയത്തും കർശനമായി തുടരും. ഇക്കുറി സ്‌പോട്ട് ബുക്കിങ് എരുമേലി, ചെങ്ങന്നൂർ, നിലയ്ക്കൽ എന്നിവിടങ്ങളിലായിരുന്നു. നിലയ്ക്കലിൽ ശരാശരി 13,000 പേരും എരുമേലിയിൽ ശരാശരി 1500 പേരുമാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തിയത്.