തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ട് വരാതിരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഹൈക്കോടതി കർശന നടപടികൾ ആലോചിക്കുന്നു. ഇതിനായി നിലവിലുള്ള ബുക്കിംഗ് ഫീസ് ഉയർത്തണമെന്ന് സ്‌പെഷ്യൽ കമ്മിഷണർ കോടതിക്ക് ശുപാർശ നൽകിയിട്ടുണ്ട്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം സ്ലോട്ടുകൾ തീർന്നെങ്കിലും, ബുക്ക് ചെയ്തവരിൽ പലരും ദർശനത്തിന് എത്തിയിരുന്നില്ല. പല ദിവസങ്ങളിലും പകുതിയോളം ആളുകൾ എത്താതിരിക്കുന്നത് ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കുന്നു.

To advertise here,

നിലവിൽ വെർച്വൽ ക്യൂ ബുക്കിംഗിന് വെറും 5 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഇത്ര ചെറിയ തുക നഷ്ടപ്പെട്ടാലും പ്രശ്‌നമില്ലെന്ന് കരുതി പലരും ബുക്ക് ചെയ്യുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം.

ബുക്കിംഗ് ഫീസ് ഉയർത്തുകയും, ദർശനം പൂർത്തിയാക്കി മടങ്ങുന്നവർക്ക് ഈ തുകയിൽ നിന്ന് ഒരു നിശ്ചിത ഭാഗം തിരികെ നൽകുകയും ചെയ്യുക എന്നതാണ് നിലവിൽ പരിഗണിക്കുന്ന പ്രധാന നിർദ്ദേശം. 'ബുക്കിംഗ് ചെയ്ത് മുങ്ങുന്നത്' വഴി മറ്റ് ഭക്തർക്ക് അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സെപ്റ്റംബറിന് മുൻപ് തന്നെ വെർച്വൽ ക്യൂ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഹൈക്കോടതി ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട് കോടതി തേടിയിട്ടുണ്ട്. ബുക്കിംഗ് ഫീസ് ഉയർത്തുന്നതും പിന്നീട് പണം മടക്കി നൽകുന്നതും പ്രായോഗികമായി കുറച്ച് സങ്കീർണ്ണമായ നടപടിയാണെങ്കിലും, വരാനിരിക്കുന്ന സീസണിൽ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ ഒരു വ്യക്തമായ മാനദണ്ഡം ആവശ്യമാണെന്ന് കോടതി കരുതുന്നു.