തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിന് പിന്നിൽ മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യഥാർത്ഥ കുറ്റവാളികളിലേക്ക് എത്താതിരിക്കാൻ വേണ്ടിയാണ് തന്ത്രിയുടെ അറസ്റ്റ് എന്നും ചെന്നിത്തല ആരോപിച്ചു.

To advertise here,

365 ദിവസവും ശബരിമല നട തുറക്കണമെന്ന ആവശ്യം മുന്നോട്ട് വന്നപ്പോൾ തന്ത്രി എതിർത്തിരുന്നു. ഈ പക തന്റെ അറസ്റ്റിന് കാരണമായെന്നാണ് തന്ത്രി കോടതിയിൽ അറിയിച്ചത്. തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കേണ്ടി വരും. ഹൈക്കോടതി ചൂണ്ടിക്കാണിച്ച മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ കൃത്യവിലോപങ്ങളും തീരുമാനങ്ങളും അന്വേഷിക്കാതെ, മുൻ മന്ത്രിമാരിലേക്കും ഇപ്പോഴത്തെ മന്ത്രിയിലേക്കും അന്വേഷണം നീളാതിരിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്ന് വളരെ വ്യക്തമാവുകയാണ്. ശബരിമല ഉപയോഗിച്ചുകൊണ്ടുള്ള രാഷ്ട്രീയ കളിക്ക് ജനങ്ങൾ ചുട്ടമറുപടി നൽകും- രമേശ് ചെന്നിത്തല പറഞ്ഞു.

41 ദിവസം കണ്ഠര് രാജീവരെ ജയിലിൽ പാർപ്പിച്ചു. തുടർന്ന് ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കോടതി ജാമ്യം നൽകുകയാണ്. ഇത് തികച്ചു സംശയാസ്പദമായ അറസ്റ്റ് അല്ലേ എന്നും ചെന്നിത്തല ചോദിച്ചു.

ഒരു ഘട്ടം കഴിഞ്ഞപ്പോൾ എസ്ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന നിലയുണ്ടായി. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തകർച്ച ബോധ്യപ്പെട്ടതോടെയാണ് എസ്ഐടി അന്വേഷണം വഴിതിരിച്ചു വിടാൻ ഇടപെട്ടത്. മന്ത്രിയെ രക്ഷിക്കാൻ തന്ത്രിയെ കുടുക്കുകയായിരുന്നു. കടകംപള്ളിയിലേക്കും വി.എൻ .വാസവനിലേക്കും അന്വേഷണം എത്താതിരിക്കാനുള്ള നീക്കമായിരുന്നു. ശബരിമല ഉപയോഗിച്ച് കൊണ്ടുള്ള രാഷ്ട്രീയ കളിക്ക് കേരളം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ജീവനക്കാരുടെ വാട്സാപ്പുകളിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതിലും ആരോഗ്യമേഖലയിലെ പ്രശ്നങ്ങളിലും കേരള സ്റ്റോറി, അഖിൽ മാരാർ അടക്കമുള്ള വിഷയങ്ങളിലും ചെന്നിത്തല അഭിപ്രായം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സന്ദേശം

സർക്കാർ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ വാട്സാപ്പിൽ മുഖ്യമന്ത്രിയുടെ മെസ്സേജ് വരുന്നു. ഇത് ഡാറ്റാ പ്രൈവസി ലംഘനം. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദുരുപയോഗം ചെയ്യുകയാണ്. ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. മുഖ്യമന്ത്രിക്കെതിരെ കേസെടുത്തു അന്വേഷണം നടത്തണം. കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. ഇങ്ങനെ ജീവനക്കാർക്ക് മെസ്സേജ്‌ അയക്കുന്നത് പാപ്പരത്തമാണ്. ചീഫ് സെക്രട്ടറി ഇത്രയും തരംതാഴരുത്.

ആരോഗ്യമേഖല

ആരോഗ്യമേഖല വെന്റിലേറ്ററിലാണ്. സിസ്റ്റത്തിന്റെ എറർ മാറ്റാൻ മന്ത്രി മാറിയേ മതിയാവു. ഒറ്റപ്പെട്ട സംഭവം എന്ന് ഓരോ തവണയും പറയുന്നത് കൊണ്ട് കാര്യമുണ്ടോ? സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം ചെയ്യുകയാണ്. ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറാവുന്നില്ല. രോഗികളുടെ വയറിൽ എല്ലാം കത്രിക വരുന്നത് എന്തുകൊണ്ടാണ്? പരിഹാരം കാണാതെ സിസ്റ്റത്തിന്റെ എറർ ആണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം? ഹാരിസ് ഡോക്ടർ മുന്നോട്ട് വച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടോ?

അഖിൽ മാരാർ

അഖിൽ മാരാർ കോൺഗ്രസുകാരനല്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആളുകൾ കൂട് മാറി പോകുന്നു. പാർട്ടിക്കുവേണ്ടി പണിയെടുത്തവർക്ക് പരിഗണന നൽകുന്നുണ്ട്. കോൺഗ്രസ്സിൽ ചേരുന്ന കാര്യത്തെ കുറിച്ച് ഒന്നും പ്രേം കുമാർ പറഞ്ഞിട്ടില്ല. പ്രേം കുമാറിനെ സ്ഥാനാർഥി ആക്കുന്നതും ചർച്ച ചെയ്തിട്ടില്ല.

കേരള സ്റ്റോറി സിനിമ

കേരള സ്റ്റോറിയെ എല്ലാവരും എതിർത്തതാണ്. കേരളത്തിൽ അങ്ങനെയൊരു പ്രശ്നമില്ലാല്ലോ. സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും കേരളത്തിൽ തടസ്സമില്ല.

റീത്ത് വെച്ചുള്ള പ്രതിഷേധം സിപിഎമ്മിന്റെ രീതിയാണെന്നും അത്തരം പ്രതിഷേധം വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ ഇരുണ്ടകാലം വൈബ്സൈറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് അതിനേക്കാൾ ഇരുണ്ടകാലം തങ്ങൾക്കും പറയാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.