
തിരുവനന്തപുരം: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നൽകിയ ആവശ്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ ശബരിമല തന്ത്രിയായി തന്റെ മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് പ്രസിഡന്റ് ഈ വിഷയം അജണ്ടയായി അവതരിപ്പിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കാതെ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടാനാണ് ബോർഡ് ധാരണയിലെത്തിയത്.
നിലവിൽ മുൻ തന്ത്രി കണ്ഠര് മോഹനരുടെ മകൻ മഹേഷ് മോഹനരാണ് ശബരിമലയിൽ തന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്. അടുത്ത ഊഴം കണ്ഠര് രാജീവർക്കാണെങ്കിലും, കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് അദ്ദേഹം തന്റെ മകനെ തന്ത്രിയാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. രാജീവരുടെ പേരില് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യത്തിൽ ബോർഡ് നേരിട്ട് തീരുമാനമെടുക്കാൻ മടിക്കുന്നത്.
ശബരിമല സ്വർണ്ണക്കവർച്ചാ കേസിലടക്കം പ്രതിയായി നിൽക്കുന്ന വ്യക്തി നൽകുന്ന കത്തിൽ ബോർഡ് സ്വയം തീരുമാനമെടുക്കുന്നത് നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. ഈ സാഹചര്യത്തിൽ, വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും നിയമപരമായ സുരക്ഷിതത്വം ഉറപ്പാക്കാനും ബോർഡ് തീരുമാനിക്കുകയായിരുന്നു. വിഷയം സ്പെഷ്യൽ കമ്മീഷണർ മുഖേന ഹൈക്കോടതിയെ അറിയിക്കാനാണ് ഇപ്പോൾ ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. ചിങ്ങമാസം മുതൽ ആരായിരിക്കണം ശബരിമല തന്ത്രി എന്ന കാര്യത്തിൽ ഹൈക്കോടതി തന്നെ അന്തിമ തീർപ്പ് കൽപ്പിക്കട്ടെ എന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചിരിക്കുന്നത്.
Content Highlights: Travancore Devaswom Board defers decision on appointing Kandararu Rajeevaru's son as Sabarimala Tantri.
Published: 11 Jul 2026, 11:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented