ശബരിമല: ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന അരി ചാക്കിലാക്കി സന്നിധാനത്ത് സൂക്ഷിക്കുന്നതിനെതിരേ ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട്. ഭക്തർ വിരിവയ്ക്കുന്ന സ്ഥലത്തിന് സമീപമാണ് ഇത്തരത്തിൽ വലിയ അട്ടിയിട്ട് അരി നിറച്ച ചാക്കുകൾ സൂക്ഷിക്കുന്നത്. ഇത് അപകടഭീതി ഉയർത്തുന്നതായി കാണിച്ചാണ് സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നല്കിയത്. ഭക്തർ കൊണ്ടുവരുന്ന അരി കരാറുകാർ ശേഖരിച്ച് സന്നിധാനത്ത് അരവണ കൗണ്ടറിന് സമീപത്ത് വെള്ളനിവേദ്യ കൗണ്ടറിന് മുന്നിലും മാളികപ്പുറത്തിന് സമീപവുമാണ് അട്ടിയാക്കി വെച്ചിരിക്കുന്നത്.

To advertise here,

താഴെ ഇരിക്കുന്നവരുടെ ദേഹത്തേക്ക് ചാക്കുകെട്ട് വീഴാനുള്ള സാധ്യത ഉണ്ട്. ഈ ഭാഗങ്ങളിൽനിന്ന് അരി ഉടൻ നീക്കാൻ കരാറുകാരോട് ആവശ്യപ്പെടാൻ ദേവസ്വം അധികൃതർക്ക് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

മാറ്റാൻ നിർദേശിക്കും

അരി ഇങ്ങനെ കൂട്ടിയിടുന്നതിൽ അനാസ്ഥയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. കഴിഞ്ഞദിവസത്തെ റിവ്യൂ മീറ്റിങ്ങിൽ വിഷയം ചർച്ചയായെന്നും വേഗം എടുത്തുമാറ്റാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം ‘മാതൃഭൂമി’യോട് പറഞ്ഞു.