ശബരിമല: ശബരിമല നടവരവിൽ ഇത്തവണ ഉണ്ടായത് വൻവർധന. മണ്ഡലകാലം 15 ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ ആകെ വരവ് 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ കാലയളവിൽ ലഭിച്ചതിനെക്കാൾ 33.33 ശതമാനം കൂടുതലാണിത്. 69 കോടിയായിരുന്നു കഴിഞ്ഞ മണ്ഡലകാലത്ത് ഈ കാലയളവിലെ വരവ്. അരവണ നൽകിയതിൽമാത്രം ഇത്തവണ 47 കോടി രൂപ ലഭിച്ചു. കഴിഞ്ഞവർഷം ആദ്യത്തെ 15 ദിവസം ലഭിച്ചത് 32 കോടിയായിരുന്നു. 46.86 ശതമാനമാണ് വർധന.

To advertise here,

അപ്പം കൊടുത്തതിൽനിന്ന് ഇതുവരെ 3.5 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു. കാണിക്കയിലെ വരവ് 2024-ൽ ഇതേസമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി. 18.18 ശതമാനം വർധന. ഈ സീസണിൽ 15 ദിവസംകൊണ്ട് 12.47 ലക്ഷം പേരാണ് മലകയറിയത്. കഴിഞ്ഞ സീസണിലേതിനെക്കാൾ ഒരുലക്ഷത്തിലേറെ പേരുടെ വർധന.

അരവണ കരുതൽശേഖരം

ഈ മണ്ഡലസീസൺ തുടങ്ങുമ്പോൾ 46 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം ഉണ്ടായിരുന്നു. ഇനി കരുതൽ ശേഖരമായി 27 ലക്ഷമാണുള്ളത്. സാധാരണനിലയിൽ നൽകിയാൽ അരവണയ്ക്ക് ക്ഷാമമുണ്ടാകാൻ സാധ്യതയില്ലെന്ന് എക്‌സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജു 'മാതൃഭൂമി'യോടു പറഞ്ഞു.

തിരക്ക് കുറഞ്ഞ് ദർശനം സുഗമമാവുമ്പോൾ ഭക്തർ കൂടുതൽ അരവണ വാങ്ങുന്നതാണ് ശബരിമലയിലെ പതിവ്. സുരക്ഷിതമായ കരുതൽശേഖരം ഉറപ്പുവരുത്തണമെങ്കിൽ പ്രതിദിന ഉത്പാദനം മൂന്നുലക്ഷമെങ്കിലും ആക്കണം. ഇപ്പോഴിത് രണ്ടരലക്ഷമേയുള്ളൂ. വേണ്ടത്ര ശീതീകരണസംവിധാനം ഇല്ലാത്തതാണ് കരുതൽശേഖരം കൂട്ടുന്നതിലെ പ്രധാനതടസ്സം. മൂന്ന് കൂളിങ് ചേംബറുകൾകൂടി ഉണ്ടായാലേ കൂടുതൽ അരവണ കേടാകാതെ സൂക്ഷിക്കാൻ കഴിയൂ.

സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട് കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ എന്നിവ കൊടുക്കുന്നത്. അയ്യപ്പഭക്തർക്ക് പോസ്റ്റലായി അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

കേരളീയസദ്യ അഞ്ചിലെ യോഗത്തിനുശേഷം തീരുമാനിക്കും

ശബരിമലയിൽ അന്നദാനത്തിന് കേരളീയസദ്യ നൽകുന്നതു സംബന്ധിച്ച് ഡിസംബർ അഞ്ചിന് നടക്കുന്ന ബോർഡ് യോഗത്തിനുശേഷം തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.

നേരത്തെ ഡിസംബർ രണ്ടു മുതൽ ഉച്ചയ്ക്ക് സദ്യ നൽകിത്തുടങ്ങാനായിരുന്നു തീരുമാനം. നിലവിൽ ഉച്ചയ്ക്ക് പുലാവാണ് നൽകുന്നത്. ഇത് സീസൺ മുഴുവൻ നൽകാനാണ് കരാർ നൽകിയിരിക്കുന്നത്. പുലാവ് മാറ്റി സദ്യ നൽകിയാലുള്ള നിയമപ്രശ്നവും സദ്യ വിളമ്പാൻവേണ്ടിവരുന്ന അധിക സൗകര്യങ്ങളെക്കുറിച്ചും പഠിച്ചു റിപ്പോർട്ട് നൽകാൻ ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

ഈ റിപ്പോർട്ട് പരിഗണിച്ച് ബോർഡ് തീരുമാനമെടുക്കും. പമ്പയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ തിരിച്ചെടുത്ത് നദി മാലിന്യമുക്തമാക്കാനായി എട്ട് കരാർ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു പറഞ്ഞു. പമ്പയിൽ വസ്ത്യം ഉപേക്ഷിക്കുന്നതിനെതിരേ ബോധവത്കരണം നടത്താനായി പോലീസ്, ഹോം ഗാർഡ് അംഗങ്ങളഏയും വിന്യസിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരമാണിത്.