തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായി. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നതോടെ പോറ്റിക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിലിന് പുറത്തേക്കുള്ള വഴി തുറന്നത്. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ നിന്നിറങ്ങിയ പോറ്റിയെ ഭാര്യ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ സ്വീകരിച്ചു.

To advertise here,

ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയിൽനിന്ന് സ്വർണം കവർന്ന കേസിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് വ്യാഴാഴ്ച ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ രണ്ടുദിവസം നീണ്ട വിശദമായ വാദം കേൾക്കലിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം.

അതേസമയം ജയിലിന് പുറത്തിറങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തയ്യാറെടുക്കുകയാണ്. ഇതിനായി ഇ.ഡി സമൻസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് അടുത്തദിവസം തന്നെ ഇ.ഡി നൽകിയേക്കും. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ ഇഡി നേരത്തേ മരവിപ്പിച്ചിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം അറസ്റ്റിലായത് ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ പാളികളിൽ നിന്ന് സ്വർണം മാറ്റിയ കേസിലാണ്. ഈ കേസിൽ പോറ്റിക്ക് ജനുവരി 21-ന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസിലും കൂടി ജാമ്യം കിട്ടിയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത്.

ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യംനേടി പുറത്തിറങ്ങിയിട്ടുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവർക്കാണ് നേരത്തേ ജാമ്യം ലഭിച്ചത്. മുരാരി ബാബുവിനും സുധീഷിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.