കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരേ തെളിവില്ലെന്ന പരാമർശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. തന്ത്രിക്ക് ഹൈക്കോടതി നോട്ടീസയച്ചു. കൊല്ലം വിജിലൻസ് കോടതിയുടെ ജാമ്യ ഉത്തരവിലെ പരാമർശങ്ങളാണ് ഹൈക്കോടതി പ്രാഥമികവാദത്തിനുശേഷം സ്‌റ്റേ ചെയ്തത്. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം നീക്കം ചെയ്യണമെന്നും തന്ത്രിക്കനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചത്.

To advertise here,

സ്വർണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവര് ആണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും കണ്ഠരര് രാജീവരായിരുന്നുവെന്നാണ് കേസ്. എന്നാൽ, 1998-ൽ സ്വർണം പൊതിഞ്ഞെന്ന വസ്തുത ഈ കുറിപ്പിലുണ്ടായിരുന്നല്ലെന്ന് എസ്‌ഐടി വിലയിരുത്തിയിരുന്നു. ഈ കുറിപ്പിലാണ് പിന്നീട് മുരാരി ബാബു ചെമ്പുപാളികളെന്ന് മാറ്റിയെഴുതിയത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തേ തന്ത്രി കണ്ഠരര് രാജീവരിൽ നിന്ന് എസ്‌ഐടി സംഘം മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാൽ, ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചാണ് കുറിപ്പ് നൽകിയതെന്നുമായിരുന്നു രാജീവരുടെ മൊഴി. ഇതേത്തുടർന്ന് തന്ത്രിയെ എസ്ഐടി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. റിമാൻഡ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പാണ് രാജീവരർക്ക് കീഴ്ക്കോടതി ജാമ്യം അനുവദിച്ചത്. പ്രതി കേസിൽ സ്വാധീനം ചെലുത്തുമെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കട്ടിളപ്പാളി കേസിൽ 13-ാം പ്രതിയും ദ്വാരപാലക കേസിൽ 16-ാം പ്രതിയുമാണ് തന്ത്രി.