തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിൽ എങ്ങനെ പ്രവേശനം ലഭിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സോണിയാ ഗാന്ധിയ്ക്കും അടൂർ പ്രകാശിനും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ്. പദവി നോക്കാതെ സോണിയാ ഗാന്ധിയെ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

To advertise here,

അന്വേഷണം സോണിയാ ഗാന്ധിയിലേക്ക് നീങ്ങുന്നത് പ്രധാനമാണ്. ഗുഢാലോചന പുറത്തുവരണം. സോണിയാ ഗാന്ധിയുടെ മൊഴി നിർണായകമാണ്. മുഖ്യമന്ത്രി ഒരു ചടങ്ങിൽ പങ്കെടുത്ത് താക്കോൽ ഏറ്റുവാങ്ങുന്ന പരിപാടിയിലേക്കാണ് ഉണ്ണികൃഷ്ണൻ പോറ്റി വന്നത്. മുഖ്യമന്ത്രിയുടെ അടുത്തുകൂടി നടന്ന് പോയതുപോലെയാണോ സോണിയാ ഗാന്ധിയുടെ കൈയിൽ ചരട് കെട്ടുന്നത്. അതും ഒറ്റയ്ക്ക് അല്ല പോയത്. രണ്ട് തവണ പോയെന്നും മന്ത്രി പറഞ്ഞു. 

സ്കൂൾ ആർക്കും അനുവദിച്ചിട്ടില്ല

എയ്ഡഡ് മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി. എൻഎസ്എസും എസ്എൻഡിപിയും പ്രത്യേക അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ നൽകിയാലും പരിശോധിച്ചിട്ടേ അനുവദിക്കൂ. തുടങ്ങിയാലും സർക്കാർ മേഖലയിൽ തുടങ്ങണമെന്നാണ് സർക്കാർ നിലപാട്. സ്കൂൾ അനുവദിക്കാത്തതിൽ മതപരമായ കാരണം ഒന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് മലബാർ മേഖലയിൽ തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചില്ലെന്ന് പറഞ്ഞ് മുസ്ലിം ലീഗിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിരന്തരം വിമർശനമുന്നയിച്ചിരുന്നു. ഇതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കുകൾ സംബന്ധിച്ച് സർക്കാർ ധവളപത്രമിറക്കണമെന്നാവശ്യപ്പെട്ട് മതസംഘടനാ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.