കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി കോടതി സർക്കാരിനെ വിമർശിച്ചത്. ശ്രീകോവിലിന്റെ കട്ടിളപ്പാളി 1998- ൽ സ്വർണം പൊതിഞ്ഞതായിരുന്നു  എന്നത് സ്ഥിരീകരിക്കാനാവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ എസ്ഐടിക്കോ കഴിഞ്ഞില്ല. ഇതോടെയാണ് കോടതി സർക്കാർ നടപടികളെ ചോദ്യംചെയ്തത്.

To advertise here,

കട്ടിളപ്പാളിയിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തു എന്ന് സ്മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്നും രേഖയില്ലെങ്കിൽ പിന്നെ കേസ് എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു.

സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാൻ കൊടുത്തുവിട്ടു എന്ന കുറ്റത്തിനാണ് അന്നത്തെ ദേവസ്വം ബോർഡ് കമ്മീഷണർ ആയിരുന്ന എൻ. വാസു ജയിലിൽ കഴിയുന്നത്. തെളിവുകളുടെ അഭാവത്തിൽ കട്ടിളപ്പാളി നേരത്തെ സ്വർണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളിൽ ഒരിടത്തും പറയുന്നില്ല എന്ന നിലപാടാണ് എൻ. വാസുവിന്റെ അഭിഭാഷകൻ സ്വീകരിച്ചിരിക്കുന്നത്. 

എഫ്ഐആറിൽ കട്ടിളപ്പാളി മാത്രമാണ് കോടതി പരാമർശിച്ചതെങ്കിലും ശിവരൂപം, ആർച്ച, വ്യാളി, രാശി പ്ലേറ്റ്, ദശാവതാരം എന്നിവയും ഉൾപ്പെട്ടതാണെന്ന വാദമാണ് സർക്കാർ ഉയർത്തിയത്. എന്നാൽ, ഈ റിപ്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിലോ വിജിലൻസ് കോടതിയിലോ നൽകിയിട്ടില്ലെന്നും നിലവിൽ എഫ്ഐആർ പ്രകാരം കട്ടിളപ്പാളി തന്നെയാണ് പ്രധാന വിഷയമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറായിരുന്ന വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാസുവിനെ കേസിൽ മൂന്നാം പ്രതിയാക്കിയത്. മാർച്ച് 31-ന് കമ്മിഷണർസ്ഥാനത്തുനിന്ന് വാസു മാറിയിരുന്നു. പിന്നീട് എ. പത്മകുമാറിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി.

എന്‍. വാസു പ്രസിഡന്റായിരിക്കെയാണ് സ്വര്‍ണംപൂശല്‍ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയില്‍ സന്ദേശം. എന്നാല്‍, ഇതുസംബന്ധിച്ച് വാസു നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇമെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്‌തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.