തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറും കമ്മിഷണറുമായിരുന്ന എൻ. വാസുവിനെ കൈവിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പോലീസുകാർക്കെതിരേ നടപടിക്കു സാധ്യത. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയായതിനാലാണ് ഇത്. സ്പെഷ്യൽ ബ്രാഞ്ച് ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.

To advertise here,

തിരുവനന്തപുരം എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സ്പെഷ്യൽ ജയിലിൽനിന്ന് വാസുവിനെ കൈവിലങ്ങ് അണിയിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കോടതിവളപ്പിലെത്തിയപ്പോൾ ഒരു കൈയിൽ വിലങ്ങുണ്ടായിരുന്നു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 43(3)-ൽ ആർക്കൊക്കെയാണ് വിലങ്ങണിയിക്കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിനു വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടായത്. സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർ, തീവ്രവാദക്കേസുകളിൽ ഉൾപ്പെടുന്നവർ, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളിൽ ഉൾപ്പെടുന്നവരെയൊക്കെയാണ് വിലങ്ങണിയിക്കാൻ നിയമം അനുശാസിക്കുന്നത്.

ഇതിനു വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടായതെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം അറിയാതെയാണ് ഇത്തരത്തിൽ വാസുവിനെ വിലങ്ങണിയിച്ച് കോടതിയെത്തിച്ചതെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടത്.