കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല. എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കേസില്‍ ഇനി ജാമ്യത്തിനായി വാസുവിന് മേല്‍ക്കോടതിയെ സമീപിക്കേണ്ടിവരും. 

To advertise here,

സ്വര്‍ണക്കൊള്ളക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നായിരുന്നു ജാമ്യാപേക്ഷയില്‍ വാസുവിന്റെ വാദം. എന്നാല്‍, പ്രതി സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുനശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. പത്മകുമാറിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. മറ്റൊരു പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.

ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍.