തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണസംഘത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ച സമയപരിധി ഈമാസം 27-ന് തീരും. ഡിസംബർ മൂന്നിന് കേസ് പരിഗണിക്കാനിരിക്കേ അടുത്ത ഇടക്കാല റിപ്പോർട്ട് നിർണായകമാകും. മുൻമന്ത്രി ഉൾപ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണം നീങ്ങാനിടയുള്ള സാഹചര്യത്തിലാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.

To advertise here,

ഒക്ടോബർ ആറിനാണ് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ‌രണ്ട് ഇടക്കാല റിപ്പോർട്ടുകൾ ഇതിനകം സംഘം കോടതിക്ക് കൈമാറി. സിപിഎം നേതാവും കോന്നി മുൻ എംഎൽഎയുമായ എ. പത്മകുമാറും എൻ. വാസുവും ഉൾപ്പെടെ രണ്ട് ദേവസ്വംബോർഡ് മുൻപ്രസിഡന്റുമാരാണ് ഇതുവരെ അറസ്റ്റിലായ പ്രമുഖർ. ഇവരുടെ ഭരണസമയത്ത് സർക്കാരിൽ ഉൾപ്പെടെ ഉണ്ടായിരുന്നവർക്കും ഇടപാടിൽ പങ്കുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ്. പത്തനംതിട്ട സിപിഎം ജില്ലാകമ്മിറ്റിയംഗംകൂടിയായ പത്മകുമാറിനെ തള്ളിപ്പറഞ്ഞാണ് നിലവിൽ സിപിഎം പ്രതിരോധിക്കുന്നത്. അന്നത്തെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപാടുകളും അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നാംപ്രതി ഉണ്ണികൃഷ്ണൻപോറ്റിയും സംഘവും ചേർന്ന് സ്വർണംപൂശിയ കട്ടിള, ദ്വാരപാലകശില്പങ്ങൾ എന്നിവയിൽനിന്ന് അന്വേഷണസംഘം സാംപിൾ ശേഖരിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ടും കോടതിയിലെത്തും. ദേവസ്വം വിജിലൻസ് എസ്‌പിയുടെ റിപ്പോർട്ട് പ്രകാരം ശബരിമലയിൽനിന്ന്‌ 475 ഗ്രാം സ്വർണമാണ് നഷ്ടമായത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ തെളിവെടുപ്പിൽ ബെംഗളൂരുവിൽനിന്ന് സ്വർണം കണ്ടെടുത്തിരുന്നു.

ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരാണ് കേസ് പരിഗണിക്കുന്നത്. അറസ്റ്റിലായ ആറു പ്രതികൾക്കും ജാമ്യം അനുവദിച്ചിട്ടില്ല.

അറസ്റ്റിലായ പത്മകുമാറിന്റെ പാസ്പോർട്ട് അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. പോറ്റിക്കൊപ്പം ഇദ്ദേഹം വിദേശയാത്ര നടത്തിയിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. പത്മകുമാറിനെ ഉടൻ കസ്റ്റഡിയിൽവാങ്ങും.