
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു വിദേശ വ്യവസായിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.
തമിഴ്‌നാട്ടിലെ വിഗ്രഹ കച്ചവടക്കാരനായ ഡി മണി എന്നയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഡയമണ്ട് മണി, ദാവൂദ് മണി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇയാളെ അന്വേഷണ സംഘം നേരത്തെ തന്നെ ലൊക്കേറ്റ് ചെയ്തിരുന്നു. മധുരയ്ക്ക് സമീപമുള്ള ഡിണ്ടിഗൽ, വിരുതുനഗർ എന്നീ മേഖലകളിലാണ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തുന്നത്. ഡി. മണിയുടെ സംഘാംഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വിഗ്രഹങ്ങളും പഴയ പാത്രങ്ങളും വിൽക്കുന്ന കട അന്വേഷണ സംഘം റെയ്ഡ് ചെയ്തു.
ഡി. മണിയും സംഘവും നേരത്തെ ഇറിഡിയം തട്ടിപ്പ് ഉൾപ്പെടെയുള്ള വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്. പഴയകാല കരകൗശല വസ്തുക്കളും ലോഹ ഉൽപ്പന്നങ്ങളും വിൽക്കുന്നതിന്റെ മറവിൽ ജനങ്ങളെ പറ്റിച്ച് വലിയ തുക സമ്പാദിക്കുന്ന രീതിയാണ് ഇവരുടേത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ഈ സംഘത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്ന സൂചന. തിരുവനന്തപുരത്ത് വെച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇവർ ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നും ആ വഴിക്ക് സ്വർണപ്പാളികൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നുമാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്.
അന്വേഷണ സംഘം ഡിണ്ടിഗലിലെ ഓഫീസിലെത്തി ഡി മണിയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് കേരളത്തിൽ നിന്നുള്ള ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യൽ നടത്തിയത്. എന്നാൽ, തനിക്ക് ശബരിമല സ്വർണക്കൊള്ളയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇയാൾ മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് അറിയില്ലെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. നിലവിൽ ശബരിമല സ്വർണതട്ടിപ്പുമായി ഇയാളെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും എസ്ഐടിക്ക് ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണ്.
ഡിണ്ടിഗൽ, വിരുതുനഗർ, മധുര എന്നീ മേഖലകളിൽ കഴിഞ്ഞ ഒരാഴ്ചയായി എസ്ഐടി സ്ക്വാഡ് പരിശോധന നടത്തിവരികയാണ്,,. കേരളത്തിന്റെ അതിർത്തിയോട് ചേർന്നുകിടക്കുന്ന സ്ഥലമായതിനാൽ വിഗ്രഹങ്ങൾ കടത്താൻ എളുപ്പമാണെന്ന നിഗമനത്തിലാണ് പോലീസ്. ഡി മണിയുടെ മൊഴികളിൽ എന്തെങ്കിലും തരത്തിലുള്ള വൈരുദ്ധ്യം കണ്ടെത്തുകയാണെങ്കിൽ ഇയാളെ കസ്റ്റഡിയിൽ എടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Sabarimala gold raw investigation intensifies in Tamil Nadu. Special team focuses on diamond merchant D. Mani amid links to fraud cases. Learn more.
Published: 26 Dec 2025, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented