ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കുന്നു. പ്രത്യേകാന്വേഷണ സംഘം ദിണ്ടിക്കലിൽ എത്തി മണി എന്നയാളെ ചോദ്യംചെയ്തു. ഇയാളോട് തിരുവനന്തപുരത്ത് ഹാജരാകാൻ സമൻസ് നൽകിയതായാണ് വിവരം. സ്വർണക്കൊള്ളക്കേസിൽ പേര് പരാമർശിക്കപ്പെട്ട ഡി. മണി ഇയാൾത്തന്നെയാണോ എന്നത് വ്യക്തമല്ല.

To advertise here,

താൻ ഡി. മണി അല്ല എം.എസ്. മണി ആണെന്ന് ചോദ്യം ചെയ്യലിന് വിധേയനായ മണി എന്ന വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്തിന്റെ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ടു. അതിന്റെ ഭാഗമായാണ് എസ്ഐടി എത്തിയത്. എന്താണ് കേസ് എന്നകാര്യം ഉദ്യോഗസ്ഥർ പറഞ്ഞില്ലെന്ന് മണി മാധ്യമങ്ങളോട് പ്രതികരിച്ചു.

'ചോദിച്ച ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകി. പേര് എന്താണ് എന്ന് ചോദിച്ചു. എന്ത് ബിസിനസ് ചെയ്യുന്നു എന്ന് ചോദിച്ചു. ഇൻകംടാക്സുകാരെ പോലെ എല്ലാം ചോദിച്ചു. എന്തിനു വന്നു എന്നൊന്നും അറിയില്ല. ഡി. മണിയാണോ എന്ന് ചോദിച്ചു. അല്ല, ഞാൻ എം.എസ്. മണിയാണെന്ന് പറഞ്ഞു. സുബ്രഹ്മണ്യം എന്നാണ് മുഴുവൻ പേര് എന്ന് പറഞ്ഞു. ഒരു നമ്പർ അറിയുമോ എന്ന് ചോദിച്ചു. എന്റെ സുഹൃത്തിന്റെ പേരിലുള്ള നമ്പർ ദുരുപയോഗം ചെയ്യപ്പെട്ടു. നാലഞ്ച് ഫോട്ടോ കാണിച്ച് അറിയാമോ എന്ന് ചോദിച്ചു. താൻ ഗോൾഡ് ബിസിനസ് നടത്തുന്നില്ല എന്ന് എസ്ഐടിയോട് പറഞ്ഞു’, ചോദ്യം ചെയ്യലിന് വിധേയനായ മണി പറഞ്ഞു.