
പത്മകുമാറിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ |ഫോട്ടോ:എസ്.ശ്രീകേഷ്
പത്തനംതിട്ട: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം തട്ടിയെടുക്കാൻനടന്ന ഗൂഢാലോചനയിൽ ‘പിത്തള’ എന്ന വാക്കാണ് ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരുന്നത്. ഇപ്പോൾ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ. പത്മകുമാർ സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി. പത്മകുമാർ അങ്ങനെ സ്വന്തം കൈപ്പടയിൽത്തന്നെ കുരുങ്ങി. കേസിന്റെ അന്വേഷണവഴി അന്നത്തെ മറ്റുരണ്ട് ബോർഡ് അംഗങ്ങളിലേക്ക് നീളാനിടയാക്കുകയും ചെയ്തു.
2019-ൽ ദേവസ്വം കമ്മിഷണറായിരുന്ന വാസുവും ഉദ്യോഗസ്ഥരും ചേർന്ന് പിത്തള എന്നെഴുതിയ റിപ്പോർട്ടാണ് ദേവസ്വംബോർഡിലേക്ക് എത്തിച്ചത്. ബോർഡിന്റെ പരിഗണനയിൽ വന്നപ്പോൾ പ്രസിഡന്റ് എ. പത്മകുമാർ, പിത്തള എന്ന വാക്കിലെ അപകടം ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. പിത്തളയ്ക്ക് സ്വർണത്തിന്റെ നിറമായതിനാലാണ് മുരാരി ബാബുവും സുധീഷ്‌കുമാറും വാസുവും അടക്കം അങ്ങനെ എഴുതിവെച്ചത്.
എന്നാൽ, ശബരിമല ശ്രീകോവിലിൽ പിത്തളയാണ് പൂശിയിരിക്കുന്നതെന്നു പറയുമ്പോൾ ഒരു ചേരായ്കതോന്നാമെന്ന നിരീക്ഷണത്തിലാണ് ആ വാക്ക് വെട്ടാൻ തീരുമാനിച്ചത്. വാസു കൈമാറിയ ഉത്തരവിലെ പിത്തള അങ്ങനെ പത്മകുമാർ വെട്ടി. പാളികളുടെ അടിസ്ഥാനലോഹം ചെമ്പായതിനാൽ, പകരം ചെമ്പ് എന്നെഴുതി.
ഇത് ചെമ്പാണെന്നും അതിലുള്ള സ്വർണം മങ്ങിപ്പോയെന്നും പറഞ്ഞുനിൽക്കാമെന്നായിരുന്നു പത്മകുമാറിന്റെ വാദം. അതിനോട് ദേവസ്വംബോർഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കർദാസ്, പാലവിള വിജയകുമാർ എന്നിവർ യോജിക്കുകയുംചെയ്തു. പത്മകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പിത്തളവിഷയം പരാമർശിക്കുന്നുണ്ട്. സ്വർണംപൂശിയ ചെമ്പുപാളികൾ എന്നെഴുതേണ്ടതിനുപകരം ചെമ്പ് എന്ന് പത്മകുമാർ സ്വന്തം കൈപ്പടയിൽ എഴുതുകയായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ഇത് ക്രമവിരുദ്ധമാണെന്നറിഞ്ഞിട്ടും പാസാക്കുന്നതിനെ എതിർക്കാൻ മറ്റുരണ്ട് അംഗങ്ങൾ ശ്രമിച്ചില്ല. അവരും ഇതിനു കൂട്ടുനിന്നു. വൈകാതെ ഇവരും അറസ്റ്റിലാകാനാണ് സാധ്യത.
ഉദ്യോഗസ്ഥർ തന്നത് പാസാക്കി എന്ന് ഇനി പറയാനാവില്ല
എല്ലാം ഉദ്യോഗസ്ഥർ കാണിച്ച പണിയാണെന്നുള്ള പത്മകുമാറിന്റെ വാദവും പൊളിഞ്ഞു. ഉദ്യോഗസ്ഥരായ വാസുവും സംഘവും കൊണ്ടുവന്നത് അതേപോലെ പാസാക്കിവിടുകയായിരുന്നു എന്നായിരുന്നു പത്മകുമാർ പറഞ്ഞുകൊണ്ടിരുന്നത്.
പിത്തളയും ചെമ്പും
ചെമ്പ് എന്ന ലോഹത്തിൽ നാകം (സിങ്ക്) ചേരുമ്പോഴാണ് പിത്തളയാകുന്നത്. ഇതിന് സ്വർണത്തിന്റെ നിറവുമായി സാദൃശ്യമുണ്ട്. 60 ശതമാനം ചെമ്പും 40 ശതമാനം നാകവുമാണ്. ചെമ്പിന്റെകൂടെ വെളുത്തീയം (ടിൻ) ചേരുമ്പോഴാണ് വെങ്കലം ഉണ്ടാകുന്നത്.
Content Highlights: Former Travancore Devaswom Board President A. Padmakumar`s handwriting change in Sabarimala gold coating case leads to further investigation
Published: 22 Nov 2025, 04:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented