
പത്മകുമാറിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ |ഫോട്ടോ:എസ്.ശ്രീകേഷ്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായ എ. പദ്മകുമാറിന്റെ പേരിൽ തിടുക്കപ്പെട്ടുള്ള നടപടിക്കു പിന്നിൽ ജില്ലയിലെ ഒരു നേതാവിന്റെ സമ്മർദമെന്ന് സൂചന. പദ്മകുമാറിന്റെ അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയാവില്ലെന്നും നടപടി വേണമെങ്കിൽ കുറ്റപത്രം പരിശോധിച്ചിട്ടാവാമെന്നുമുള്ള നിലപാടാണ് സി.പി.എം. മാറ്റിയത്. പദ്മകുമാറിനെതിരായ നടപടി അനിവാര്യമെന്ന നിലയിലേക്ക് സംസ്ഥാന നേതൃത്വത്തെ എത്തിക്കുംവിധം സമ്മർദമുണ്ടായതായാണ് വിവരം.
ജില്ലാക്കമ്മിറ്റിയിലോ ജില്ലാ സെക്രട്ടേറിയറ്റിലോ ചർച്ച ചെയ്യാതെയുള്ള നടപടിയാണ് ഇപ്പോൾ പദ്മകുമാറിനു കാരണം കാണിക്കൽ നോട്ടീസിലെത്തി നിൽക്കുന്നത്. ജില്ലാക്കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് ഒഴിവാക്കിയായിരുന്നു ആദ്യ നടപടി. തൊട്ടുപിന്നാലെയാണ് കാരണംകാണിക്കൽ നോട്ടീസ് തപാലിൽ അയച്ചതും അതിനുള്ള മറുപടി വാങ്ങിയതും.
പദ്മകുമാറിന്റെ അറസ്റ്റ് ഉണ്ടായപ്പോൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് പ്രതിരോധവുമായി എത്തിയിരുന്നത്. ഒരാൾ അറസ്റ്റിലായതുകൊണ്ടുമാത്രം കുറ്റവാളിയാകുന്നില്ലെന്നായിരുന്നു സെക്രട്ടറിയുടെ വാദം. അതിനാലാണ് കുറ്റപത്രം വന്നിട്ടേ പദ്മകുമാറിന്റെ കാര്യത്തിൽ നടപടിയുണ്ടാകൂവെന്ന് അദ്ദേഹം ആവർത്തിച്ചു കൊണ്ടിരുന്നത്.
എന്നാൽ, അന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽനിന്ന് മാറാൻ പ്രത്യക്ഷമായ സാഹചര്യം നിലവിൽ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റിയംഗമായ പദ്മകുമാറിന് പ്രചാരണത്തിന് ഇറങ്ങാൻ ധാർമികമായി കഴിയില്ല. പക്ഷേ, നിശ്ശബ്ദമായി എതിർപ്രചാരണം നടത്തുമോ എന്ന ചിന്തയാവാം ധൃതിവെച്ചുള്ള നടപടിയിലേക്ക് പാർട്ടിയെ എത്തിച്ചതിനു പിന്നിലെ സമ്മർദമെന്നാണ് വിവരം.
പിത്തള വെട്ടി ചെമ്പാക്കിയതു മാത്രം കണ്ടെത്തലെന്ന് പദ്മകുമാർ
ദേവസ്വംബോർഡിലേക്കുവന്ന നോട്ടിൽ പിത്തള എന്ന് വെട്ടി ചെമ്പ് എന്നാക്കിയതുമാത്രമാണ് തനിക്കെതിരേയുള്ള കണ്ടെത്തലെന്ന് എ. പദ്മകുമാർ സി.പി.എം. ജില്ലാക്കമ്മിറ്റിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ‘‘യഥാർഥത്തിൽ പിത്തളയിൽ അല്ല ചെമ്പിൽ തന്നെയാണ് സ്വർണം പൂശിയിട്ടുള്ളത്.
തിരുവാഭരണം കമ്മിഷണറുടെ മേൽനോട്ടത്തിൽ പാളികൾ നന്നാക്കാനാണ് ബോർഡിൽ തീരുമാനമെടുത്തത്. ബോർഡ് കൂട്ടായിയെടുത്ത തീരുമാനമായിരുന്നു അത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല. കുറ്റപത്രത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോപണം വന്നാൽ മാത്രമേ സാങ്കേതികമായി ‘കുറ്റവാളി’ എന്നെങ്കിലും പറയാനാവൂ. നിലവിൽ ആ സാഹചര്യമില്ല’’- മറുപടിയിൽ പറയുന്നു.
കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി, ദൂതൻ വഴി വ്യാഴാഴ്ച തന്നെ ജില്ലാക്കമ്മിറ്റി ഓഫീസിലെത്തിക്കുകയായിരുന്നു. തനിക്കെതിരേ നടപടി സ്വീകരിക്കരുതെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
Content Highlights: CPM leader A. Padmakumar faces internal pressure following his arrest in the Sabarimala gold case., The party initiated a show-cause notice process despite earlier claims that action would wait for the charge sheet., Padmakumar denies wrongdoing, claiming the modification of records was a collective board decision., Concerns regarding potential negative campaigning during elections are reportedly driving the party's swift action.
Published: 13 Mar 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented