തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന 'അഴകൊഴമ്പൻ' സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മാറ്റം വരുത്താൻ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശനത്തിനായി ആദ്യം ശക്തമായ നിലപാട് എടുത്ത ഒന്നാം പിണറായി സർക്കാർ, പിന്നീട് പ്രതിഷേധങ്ങൾ ഭയന്ന് മാപ്പ് പറയുന്ന അവസ്ഥയിലേക്ക് എത്തിയെന്നും അദ്ദേഹം ആരോപിച്ചു.
സത്യവാങ്മൂലത്തിൽ വ്യക്തത വേണം. സുപ്രീം കോടതിയിൽ നിലവിലുള്ള സത്യവാങ്മൂലത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നുണ്ടോ അതോ അത് തിരുത്താൻ തയ്യാറാണോ എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം. ഇക്കാര്യത്തിൽ ഒളിച്ചുകളി അനുവദിക്കില്ലെന്നും, സ്ത്രീ പ്രവേശനത്തെ ഇപ്പോഴും അനുകൂലിക്കുന്നുണ്ടെങ്കിൽ അത് തുറന്നു പറയണമെന്നും അദ്ദേഹം കൂട്ടിചേർത്തു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്ത് കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയുടെയും ആഗോള അയ്യപ്പ സംഗമത്തിന്റെയും പേരിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. അയ്യപ്പ സംഗമത്തിന്റെ പേരിൽ പിരിച്ച കോടിക്കണക്കിന് രൂപ സിപിഎം നേതൃത്വം തട്ടിയെടുത്തതായും അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിനെ മുൻനിർത്തി സർക്കാർ നടത്തിയ ഈ നീക്കങ്ങളിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും, ബോർഡിലെ രാഷ്ട്രീയ നിയമനങ്ങളാണ് ഇത്തരം അഴിമതികൾക്ക് വഴിതുറന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം നേതാക്കൾ ജയിലിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിലെ രാഷ്ട്രീയ നിയമനങ്ങളാണ് ഇത്തരം കൊള്ളകൾക്ക് ഉത്തരവാദികളെന്നും, പുറത്തുനിന്നുള്ളവർക്ക് ഇത്തരത്തിൽ സ്വർണ്ണം കടത്താൻ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാരിന്റെ ക്രമക്കേടുകൾ ശബരിമല വിടാതെ പിന്തുടരുമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Content Highlights: Kerala Opposition Leader V.D. Satheesan criticizes the state govt`s `confused` approach on Sabarimala women`s entry & alleged financial irregularities.
Published: 15 Feb 2026, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented