പത്തനംതിട്ട: കേന്ദ്രബജറ്റിൽ ശബരിമല വികസനത്തിന് പണം അനുവദിക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടതുമില്ല, കേന്ദ്രം സ്വയമറിഞ്ഞ് കൊടുത്തുമില്ല. 1033.62 കോടി രൂപയുടെ ലേഔട്ട് പ്ലാൻ തയ്യാറാക്കി പണവും കാത്തിരിക്കുമ്പോഴാണ് ഇത്തരമൊരവസ്ഥ.
സംസ്ഥാന ബജറ്റിൽ ഇക്കുറി 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എല്ലാ വർഷവും സംസ്ഥാന ബജറ്റിൽ 25-നും 30-നും ഇടയ്ക്ക് കോടി രൂപ പ്രഖ്യാപിക്കാറുണ്ട്. പക്ഷേ അതിൽ അഞ്ചു കോടിയിൽ താഴെ മാത്രമേ ലഭിക്കാറുള്ളൂ.
ശബരിമല മാസ്റ്റർപ്ലാനിൽ നിർദേശിച്ച പദ്ധതികൾ നടപ്പാക്കാൻ വലിയ പണച്ചെലവ് വേണ്ടിവരും. സ്‌പോൺസർമാരെ കിട്ടാത്ത സാഹചര്യത്തിൽ ആശ്രയം സർക്കാരുകളാണ്. കാര്യമായ ഇടപെടൽ നടത്താൻ കഴിയുന്നത് കേന്ദ്രസർക്കാരിനാണ്. മാസ്റ്റർപ്ലാനിൽ നിർദേശിച്ചിരിക്കുന്ന ചില പദ്ധതികളുടെ എങ്കിലും വിശദ പദ്ധതിരേഖ (ഡി.പി.ആർ.) സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാരിനു നൽകിയിരുന്നെങ്കിൽ തുക അനുവദിക്കുന്നതിന് തടസ്സമില്ലായിരുന്നു എന്ന വാദം ഉയരുന്നുണ്ട്.
ലേഔട്ട് പ്ലാനിൽ നിർേദശിച്ചിരിക്കുന്ന പദ്ധതികളിൽ സംസ്ഥാന സർക്കാരിന് മാത്രമായി പണം കണ്ടെത്താൻ കഴിയില്ലെന്നത് ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങളിൽനിന്ന് വ്യക്തമാണ്. ശബരിമലയ്ക്ക് മാത്രമായി രൂപവത്കരിച്ച ഉന്നതാധികാര സമിതിയുടെ പക്കലും പണമില്ല. 2025-ലെ ബജറ്റിൽ ശബരിമല വികസന അതോറിറ്റി എന്നൊരു സംവിധാനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ നടപടികൾ ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. ശബരിമല വികസനത്തിന് തുകയനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തോ നിവേദനമോ കിട്ടിയില്ലെന്നാണ് കേന്ദ്രസർക്കാർ മുൻ വർഷങ്ങളിൽ പറഞ്ഞിട്ടുള്ളത്.
എട്ടുവർഷം മുമ്പ് കേന്ദ്രസർക്കാർ ആധ്യാത്മിക ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ശബരിമലയെ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ അതിൽ 35 കോടി മാത്രമേ ചെലവഴിച്ചുള്ളൂ. കേന്ദ്രസർക്കാർ തയ്യാറാക്കിയ ഡി.പി.ആർ. ശബരിമലയ്ക്ക് യോജിക്കാത്തതിനാലാണ് 65 കോടി ലാപ്‌സായതെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞത്. ഒന്നരക്കൊല്ലം മുമ്പാണ് ഫണ്ട് ലാപ്‌സായത്.
സന്നിധാനത്ത് ക്ഷേത്രം നിൽക്കുന്ന ഭാഗത്ത് സമ്പൂർണ നവീകരണമാണ് മാസ്റ്റർപ്ലാൻ നിർദേശിക്കുന്നത്. ഇതിന് മൊത്തം 300 കോടി വേണം. പ്രാഥമികഘട്ടം പൂർത്തിയാക്കാൻ 96 കോടി വേണം. പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ ക്ഷേത്രം മാത്രം എന്ന രീതിയിലുള്ള വികസനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
സെപ്റ്റംബറിൽ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പസംഗമത്തിൽനിന്ന്, മാസ്റ്റർ പ്ലാനിൽ നിർദേശിച്ചിരിക്കുന്ന പദ്ധതികൾക്ക് പണം കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശബരിമല വികസനത്തിന് കേന്ദ്രവും കേരളവും ഒന്നിച്ചുള്ള പ്രവർത്തനം പ്രസക്തമാകുന്നത്.
Content Highlights: Sabarimala`s master plan awaits funding. State seeks funds, Centre cites lack of proposal. Challenges in Shabarimala development funding.
Published: 03 Feb 2026, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented