ഇരവിപുരം(കൊല്ലം): ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി ആർഎസ്പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ആർ.എസ്. പി. ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് പാർട്ടിയിൽനിന്ന് രാജിവെച്ചു.

To advertise here,

വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തഴഞ്ഞ് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ താൽപ്പര്യപ്രകാരം ഒരു സമവായ സ്ഥാനാർഥിയെ നിശ്ചയിച്ചതിനാലാണ് രാജി വെക്കുന്നതെന്ന് നൗഷാദ് പറഞ്ഞു. സ്വന്തം മകന് സീറ്റ് നൽകണമെന്ന പ്രേമചന്ദ്രന്റെ ദുർവാശിയാണ് പാർട്ടിയുടെ വിജയസാധ്യത ഇല്ലാതാക്കാൻ കാരണമായതെന്നും, ആർഎസ്പി എന്നത് 'റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി' എന്നാണെന്നും അല്ലാതെ 'റെവല്യൂഷണറി സോഷ്യലിസ്റ്റ് പ്രേമചന്ദ്രൻ പാർട്ടി' എന്നല്ലെന്നും നൗഷാദ് പ്രതികരിച്ചു.

പാർട്ടിയുടെ ഐക്യം നിലനിർത്താൻ എന്ന പേരിൽ പ്രേമചന്ദ്രൻ തന്റെ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും ഇതിൽ പ്രതിഷേധിച്ച് തദ്ദേശ പ്രതിനിധികളും മുൻ കൗൺസിലർമാരും ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്നും നൗഷാദ് മുന്നറിയിപ്പ് നൽകി.

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഇരവിപുരത്തെ സ്ഥാനാർഥി നിർണയം ആർഎസ്പിക്ക് ഏറെ പ്രധാന്യമുള്ളതാണ്. സ്ഥാനാർഥി നിർണയ സമയത്ത് എൻ. നൗഷാദിന്റെ പേരിന് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ മകൻ കാർത്തിക്കിന് അവസരത്തിനായി എൻ.കെ പ്രേമചന്ദ്രൻ വാദമുന്നയർത്തി.

വെള്ളിയാഴ്ച നടന്ന പാർട്ടി യോഗത്തിൽ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർഥിയാക്കുന്ന കാര്യം അംഗീകരിക്കാനാകില്ലെന്ന് ഷിബു ബേബി ജോൺ പക്ഷം ഉറച്ച നിലപാട് എടുത്തു. ഇതോടെ ഷിബുപക്ഷം ഉയർത്തിക്കാട്ടിയ ആളെ സ്ഥാനാർഥിയാക്കാനാകില്ലെന്ന് പ്രേമചന്ദ്രൻപക്ഷവും നിലപാട് സ്വീകരിച്ചു. തർക്കത്തെത്തുടർന്ന് സമവായ സ്ഥാനാർഥിയായി ആർഎസ്പി യുവനേതാവ് അഡ്വ. വിഷ്ണുമോഹനെ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.

ഇതോടെ പാർട്ടി തീരുമാനങ്ങൾ ഒരു കേന്ദ്രത്തിലേക്ക് മാത്രമായി ചുരുങ്ങുകയാണെന്നും മുന്നണി മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രേമചന്ദ്രന്റെ വ്യക്തിപരമായ ലാഭത്തിന് വേണ്ടിയായിരുന്നുവെന്നും നൗഷാദ് വിമർശിച്ചു. കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർഥിയാകില്ലെന്ന് നേരത്തെ സംസ്ഥാന സെക്രട്ടറി എ. അസീസ് വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് നടന്ന ജില്ലാ-സംസ്ഥാന കമ്മിറ്റി യോഗങ്ങൾ വെറും പ്രഹസനമായി മാറിയെന്നും എൻ. നൗഷാദ് പറഞ്ഞു.