അങ്കോല(കർണാടക): ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട് കാണാതായ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ താത്ക്കാലികമായി നിർത്തിവെച്ചതിൽ പ്രതിഷേധവുമായി കേരളം. തിരച്ചിൽ നിർത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയെന്ന് മന്ത്രി റിയാസ് പറഞ്ഞു. ശനിയാഴ്ച നടത്തിയ ചർച്ചയിൽ രക്ഷാദൗത്യം തുടരുമെന്നാണ് അറിയിച്ചിരുന്നതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

രക്ഷാദൗത്യവുമായി മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് നിലപാട് എം.എല്‍.എ പറഞ്ഞതായാണ് വിവരം. അര്‍ജുന്റെ കുടുംബം ഇക്കാര്യം അറിയിച്ചു. ഇന്നലെ യോഗത്തില്‍ ഇരുന്നപ്പോള്‍ പറയാത്ത കാര്യമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എല്ലാ കാര്യങ്ങളും സംസാരിച്ചതാണ്. അവിടെയുള്ള ജില്ലാ കളക്ടറെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച കാലാവസ്ഥ ഇതിലും പ്രതികൂലമായിട്ടും തിരച്ചില്‍ തുടര്‍ന്നിരുന്നു. കർണാടക മന്ത്രി സ്ഥലത്തെത്തുമെന്നാണ് പറയുന്നത്. അതിന് യോഗം ഒരുവഴിക്ക് നടത്താവുന്നതേ ഉള്ളൂ. അതിനുവേണ്ടി തിരച്ചിൽ നിർത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വൈകീട്ടത്തെ യോ​ഗത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് എം. വിജിൻ എം.എൽ.എയും അറിയിച്ചു. 'നമ്മളോട് ചർച്ച ചെയ്യാതെയാണ് എം.എൽ.എയും കളക്ടറും തീരുമാനം പറഞ്ഞത്. നാല് ദിവസത്തേക്കാണ് തിരച്ചിൽ നിർത്തുന്നതെന്നാണ് പറയുന്നത്. തിരുച്ചിറപ്പള്ളിയിൽനിന്ന് വിദ​ഗ്ധസംഘവും യന്ത്രങ്ങളും എത്തിക്കുന്നതിന് വേണ്ടിയാണ് നിർത്തിയതെന്നാണ് പറയുന്നത്. നമ്മളെ അറിയിക്കേണ്ട ഉത്തരവാദിത്വം ഇവർക്കുണ്ട്', വിജിൻ പറഞ്ഞു.