മലപ്പുറം : ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിനുപകരം വീടുകളില്‍ പ്രസവംനടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് നേതാക്കള്‍. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്കരണം ശക്തമാക്കാനും മതനേതാക്കളുടെ യോഗത്തില്‍ തീരുമാനം. കളക്ടര്‍ വി.ആര്‍. വിനോദ് വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

To advertise here,

ആരോഗ്യമുള്ള ഭാവിതലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനു ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രിതന്നെ തിരഞ്ഞെടുക്കാം' എന്ന കാമ്പെയിനിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്. ഒരു മതവും പ്രസവത്തിന് ആശുപത്രികളില്‍ ചികിത്സ തേടുന്നതിനെ എതിര്‍ക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്‌കര്‍ഷിക്കുകയാണ് എല്ലാവരും ചെയ്യുന്നതെന്നും യോഗത്തില്‍ പങ്കെടുത്ത വിവിധ മത നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്ക് മത സംഘടനകളുടെയോ മത തത്ത്വങ്ങളുടെയോ പിന്‍ബലമില്ല. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതുതടയാന്‍ ശക്തമായ ബോധവത്കരണം നടത്തണം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും ശ്രമങ്ങള്‍ക്ക് എല്ലാ മത സംഘടനാ നേതാക്കളും പിന്തുണ ഉറപ്പുനല്‍കി.

സിസേറിയനില്‍ ആശങ്ക വേണ്ടാ

അനാവശ്യമായി ശസ്ത്രക്രിയ നടത്തുന്നതായ ആരോപണമുള്‍പ്പെടെ, ആശുപത്രികളെക്കുറിച്ച് സംശയമുളവാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സിസേറിയന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ കൃത്യമായ ഓഡിറ്റിങ്ങിന് സര്‍ക്കാര്‍തലത്തില്‍ സംവിധാനമുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആശുപത്രികളിലെ പ്രസവം സംബന്ധിച്ച് ആളുകളുടെ ഇടയില്‍ എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. ഗാര്‍ഹിക പ്രസവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന താനാളൂര്‍, മംഗലശ്ശേരി, ചെറിയമുണ്ടം എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തും. വനിതകളെയും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരെയും യുവജനങ്ങളെയും ബോധവത്കരിക്കും. 

മതനേതാക്കള്‍വഴിയും ബോധവത്കരണ പരിപാടികളും ആശുപത്രികളിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കും. ജനങ്ങളുടെ മനസ്സിലെ ആശങ്ക അകറ്റി ആശുപത്രികള്‍ ഗര്‍ഭിണി-ശിശു സൗഹൃദമാക്കി മാറ്റും. ഭാവിതലമുറയെക്കൂടി ബാധിക്കുന്ന സാമൂഹിക പ്രശ്‌നമായിത്തന്നെയാണ് ഗാര്‍ഹികപ്രസവത്തെ കാണുന്നത്. ഇത് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കും. കാമ്പെയിനിന്റെ ഭാഗമായി തുടര്‍യോഗങ്ങളും ചര്‍ച്ചകളും നടത്തും.

വര്‍ഷത്തില്‍ 192 ഗാര്‍ഹികപ്രസവങ്ങള്‍

2024-'25 വര്‍ഷത്തില്‍ 192 ഗാര്‍ഹിക പ്രസവങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സാമൂഹിക സാഹചര്യങ്ങളും പിന്നാക്കാവസ്ഥയും ആശുപത്രികളെക്കുറിച്ചുള്ള ആശങ്കകളും ഇതിനൊരു കാരണമാണെന്നും യോഗം വിലയിരുത്തി. ഈ അവസ്ഥകള്‍ പരിഹരിക്കുന്നതിനും ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കളക്ടര്‍ യോഗം വിളിച്ചത്.

ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. ഷുബിന്‍, ഡോ. എന്‍.എന്‍. പമീലി, കെ.പി. സാദിക്കലി, ഡോ. പുരുഷോത്തമന്‍, ഡോ. ഇ.എസ്. സജീവന്‍, പ്രൊഫ. ഡോ. പി. മുംതാസ്, ഡോ. സി.പി. അഷ്റഫ്, വിവിധ മതസംഘടനകളെ പ്രതിനിധീകരിച്ച് അലിയാര്‍ അമ്പാടി, പി. ഇബ്രാഹിം, കെ. യൂസഫ്, സി.പി. അബ്ദുള്‍ നാസര്‍, ഫാ. ബിജു നിരപ്പേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.