തിരുവനന്തപുരം: വൈദ്യുതിനിരക്ക് വർധിപ്പിക്കണമെന്ന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സര്‍ക്കാര്‍ നിരക്കുവര്‍ധനയെ അനുകൂലിക്കുന്നില്ല. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നിയമോപദേശം തേടിയ ശേഷം മാത്രമായിരിക്കും മുന്നോട്ട് പോവുക.

To advertise here,

ഒക്ടോബര്‍ അവസാനവാരം 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ച് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യം നല്‍കാനായിരുന്നു റെഗുലേറ്ററി കമ്മീഷന്റെ തയ്യാറെടുപ്പ്. അതിനിടെയാണ് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പിനിടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നുള്ളത് കൊണ്ടു തന്നെ ഈ ഘട്ടത്തില്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം റെഗുലേറ്ററി കമ്മീഷന്‍ മുന്നോട്ട് വെച്ചാലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കില്ല. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പൊതുജനാഭിപ്രായം കേട്ടശേഷം താരിഫ് അന്തിമമായി നിര്‍ണയിക്കുന്ന ഘട്ടത്തിലാണ് റെഗുലേറ്ററി കമ്മീഷന്‍.  

കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത് ശരാശരി 4.45% നിരക്കുവര്‍ധനയാണ്. ഇതുകൂടാതെ വേനല്‍ക്കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി സമ്മര്‍ താരിഫ് എന്ന നിര്‍ദേശവും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു. എന്നാല്‍, വൈദ്യുതി വകുപ്പ് അതിനോട് യോജിക്കുന്നില്ലെന്ന്‌ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. പകല്‍സമയം വൈദ്യുതി ഉപഭോഗം കുറയ്ക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.