മലപ്പുറം: മുന്‍ എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് എന്നിവര്‍ക്കെതിരെ ആരോപണവുമായി വീട്ടമ്മ. സുജിത് ദാസും വിനോദ് കുമാറും ബലാത്സംഗംചെയ്തുവെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം പുറത്ത് പറയരുതെന്ന് സുജിത് ദാസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ അങ്കിളാണെന്ന് പറഞ്ഞു. പിന്നീട് വീണ്ടും പീഡിപ്പിച്ചു. അന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ക്ക് കൂടി കാഴ്ചവെക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു.
സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പൊന്നാനി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയതായിരുന്നു ഇവര്‍. പരാതികേള്‍ക്കാന്‍ വീട്ടില്‍ വന്ന വിനോദ് വീട്ടില്‍വെച്ച് പീഡിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു. ഇതിനെതിരെ പരാതിയുമായി താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയെ കണ്ടു. ബെന്നി കടന്നുപിടിച്ചു. ഈ രണ്ട് സംഭവങ്ങള്‍ക്കെതിരേയും പരാതി നല്‍കാന്‍ എസ്.പിയായിരുന്ന സുജിത് ദാസിനെ ബന്ധപ്പെട്ടു. സുജിത് ദാസ് ആഡംബരകാറിലെത്തി ചങ്കുവെട്ടിയിലെ ഒരുവീട്ടിലേക്ക് കൊണ്ടുപോയി അവിടെവെച്ച് പീഡിപ്പിച്ചുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
സുജിത് ദാസിനെതിരെ പി.വി. അന്‍വര്‍ രംഗത്തെത്തിയതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ ധൈര്യം ലഭിച്ചത്. പി.വി. അന്‍വറിനോട് കാര്യങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു.
പരാതിക്കാരിയുടെ ആരോപണത്തിന്റെ ശബ്ദരേഖ:
ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡിവൈ.എസ്.പി. വി.വി. ബെന്നിയും സസ്‌പെന്‍ഷനിലുള്ള എസ്.പി. സുജിത് ദാസും പ്രതികരിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതിയാണിതെന്ന് ബെന്നി പ്രതികരിച്ചു. പരാതിക്കാരി പൊന്നാനി സി.ഐക്കെതിരെ പരാതി നല്‍കിയിരുന്നു. താന്‍ അന്വേഷിച്ച പരാതിയില്‍ അവര്‍ ഉദ്ദേശിച്ച നടപടി ഉണ്ടാവാത്തതിനാലാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് ബെന്നി പറഞ്ഞു. ആരോപണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും എസ്. സുജിത് ദാസും പ്രതികരിച്ചു.
അതിനിടെ വി.വി. ബെന്നിക്കെതിരെ സി.പി.എം. നേതാവ് പി. ജയരാജന്റെ മകന്‍ ജയിന്‍ രാജ് രംഗത്തെത്തി. നിരപരാധികളായ സി.പി.എം. പ്രവര്‍ത്തകരെ ഒരു ബന്ധവുമില്ലാത്ത കേസുകളില്‍ കുടുക്കുന്നതില്‍ വിദഗ്ധനാണ് ബെന്നിയെന്ന് ജയിന്‍ രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വി.വി. ബെന്നി മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്:
യാതൊരു അടിസ്ഥാനവുമില്ലാത്ത, തീര്‍ത്തും കളവായ പരാതിയാണിത്. പൊന്നാനി സി.ഐക്കെതിരെ അന്നത്തെ എസ്.പി. സുജിത് ദാസിന് നല്‍കിയ പരാതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് തന്നോട് ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി.
പരാതിക്കാരിയുടെ മറ്റൊരു പരാതി പൊന്നാനി പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചിരുന്നു. അത് പരാതിക്കാരി ഉദ്ദേശിച്ച രീതിയില്‍ തീര്‍പ്പാക്കപ്പെട്ടില്ലെന്നാണ് അറിയാന്‍ സാധിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പൊന്നാനി സി.ഐക്കെതിരെ കളവായ പരാതി നല്‍കിയത്. പൊന്നാനി സി.ഐക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടുകൊടുക്കുക മാത്രമാണ് താന്‍ ചെയ്തത്.
ഞാന്‍ പരാതി അന്വേഷിച്ച ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിക്ക് അന്വേഷണം കൈമാറി. അദ്ദേഹവും അന്വേഷണം നടത്തി പരാതി കളവാണെന്ന് റിപ്പോര്‍ട്ട് നല്‍കി. രണ്ട് അന്വേഷണത്തിലും പരാതി കളവാണെന്നാണ് കണ്ടെത്തിയത്. അതിനുശേഷമാണ് ഇത്തരം ആരോപണം വന്നത്.
സുജിത് ദാസിന്റെ പ്രതികരണം:
പൊന്നാനി എസ്.എച്ച.ഒ. വീട്ടില്‍പ്പോയി ബലാത്സംഗംചെയ്തു എന്നൊരു പരാതിയുമായി പരാതിക്കാരി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തി. പരാതി കൃത്യമായി രേഖപ്പെടുത്തിയ ശേഷമാണ്, റിസപ്ഷനിലിരിക്കുന്ന വനിതാ ഓഫീസര്‍ ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിലേക്ക് വന്നത്. ഒപ്പം സഹോദരന്‍ എന്ന് പറയുന്ന ആളും കുട്ടിയും ഉണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പില്‍വെച്ചാണ് പരാതി പറഞ്ഞത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന ഇന്നത്തെ തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവിന് അന്വേഷണത്തിന് നല്‍കി. പരാതിക്കാരിയുടേയും അയല്‍വാസികളുടേയും മൊഴിരേഖപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി പൊന്നാനി എസ്.എച്ച്.ഒ. വിനോദിന്റെ അടുത്ത് ഇവര്‍ എത്തിയിരുന്നു. പരാതിയില്‍ ഉടന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത്, പ്രതിയെ അറസ്റ്റുചെയ്ത് റിമാന്‍ഡുചെയ്തു. എന്നാല്‍, ഇവര്‍ ഉദ്ദേശിച്ച രീതിയില്‍ പരാതി മുന്നോട്ടുപോയില്ല. എസ്.എച്ച്.ഒയോടുള്ള വൈരാഗ്യത്തില്‍ അദ്ദേഹം ബലാത്സംഗംചെയ്തുവെന്ന പരാതി തിരൂര്‍ ഡിവൈ.എസ്.പിക്ക് കൊടുത്തു. ഫോണ്‍ വിവരങ്ങളടക്കം പരിശോധിച്ച് പരാതി കള്ളമാണെന്ന് തിരൂര്‍ ഡിവൈ.എസ്.പി. അത് ക്ലോസ് ചെയ്തു. അതും സംതൃപ്തിയാകാതെ വന്നപ്പോഴാണ് പരാതിയുമായി തന്റെ അടുത്ത് വന്നത്.
ആരോപണത്തില്‍ ക്രമിനല്‍ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നു. സിബിഐ അന്വേഷണം വരണം. കുടുംബജീവിതത്തെ ബാധിക്കുന്ന ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കും. സിവിലായും ക്രിമിനലായും മാനനഷ്ടക്കേസുമായി മുന്നോട്ടുപോകും.
Content Highlights: Lady rape allegation against SP S Sujith Das
Published: 06 Sept 2024, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented