പാലക്കാട്: തീവണ്ടികളിലെ റിസർവേഷൻ കോച്ചുകളിൽ സാധാരാണ ടിക്കറ്റെടുത്തവർ കയറുന്നതിനെപ്പറ്റി റെയിൽമദദ് സംവിധാനംവഴി യാത്രക്കാരുടെ പരാതികൾ കൂടുന്നു. പ്രശ്‌നം പരിഹരിക്കാൻ പെടാപ്പാട് പെടുകയാണ് റെയിൽവേ അധികൃതർ. പാലക്കാട് ഡിവിഷനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും കമേഴ്സ്യൽ വിഭാഗവും പ്രത്യേക പരിശോധന നടത്തിയാണ് പരാതികൾക്ക് പരിഹാരംകാണുന്നത്.

To advertise here,

നേത്രാവതി എക്സ്പ്രസ്, പരശുറാം, ചെന്നൈ-മംഗളൂരു മെയിൽ തുടങ്ങിയ തീവണ്ടികളിൽനിന്നാണ് പരാതികൾ ഏറെയെത്തുന്നത്. റിസർവ് ചെയ്ത സീറ്റിൽ മറ്റു യാത്രക്കാർ ഇരിക്കുന്നു, ശൗചാലയങ്ങൾ ഉപയോഗിക്കുന്നു, യാത്രചെയ്യാനാകുന്നില്ല തുടങ്ങിയവയാണ് പ്രധാന പരാതികൾ. റെയിൽമദദ് ആപ്പ് ഉപയോഗിച്ചോ 139 എന്ന നമ്പറിൽ വിളിച്ചോ എളുപ്പം പരാതിനൽകാമെന്നതാണ് സൗകര്യം.

അവധിദിവസത്തിന്റെ തലേന്ന് ഒരു തീവണ്ടിയിൽനിന്നുമാത്രം റെയിൽമദദ് സംവിധാനത്തിലൂടെ 25 പരാതികൾ വന്നുവെന്ന് ആർ.പി.എഫ്. അധികൃതർ പറയുന്നു. തൃശ്ശൂർമുതൽ ഷൊർണൂർവഴി കോഴിക്കോട്‌വരെ എത്തുന്നതിനിടയിലാണ് ഈ പരാതികൾ.

നേത്രാവതി എക്സ്‌പ്രസിനെച്ചൊല്ലിയാണ് പരാതികളേറെയും. റെയിൽമദദ് മുഖാന്തരമുള്ള പരാതിയായതിനാൽ തൃപ്തികരമായ രീതിയിൽ പരിഹരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിവരും.

സ്ലീപ്പറിലും എ.സി.യിലുംമറ്റും കയറുന്നവരെ ഇറക്കി ജനറൽ കംപാർട്ട്‌മെന്റിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ചിലപ്പോൾ ജനറൽ കംപാർട്ട്‌മെന്റും നിറഞ്ഞ നിലയിലാകും. അതോടെ പിന്നാലെവരുന്ന തീവണ്ടിയിലേക്കുവരെ യാത്രക്കാരെ മാറ്റുന്നു. ഇത് യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കങ്ങളിലേക്കും വഴിവെക്കുന്നുണ്ട്. ദിവസേനയുള്ള തീവണ്ടികളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പരാതികൾ കൂടുതൽ. പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാത്രിചുമതലയുള്ള ഉദ്യോഗസ്ഥരെക്കൂടി പകൽ നിയോഗിക്കേണ്ട സ്ഥിതിയുമുണ്ട്. തിരക്ക് കുറയ്ക്കാൻ പുതിയ തീവണ്ടികൾ അനുവദിക്കുകയല്ലാതെ മാർഗമില്ലെന്നാണ് യാത്രക്കാർ പറയുന്നത്.