
എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി അനിവാര്യമാവുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുലിന്റെ രാജി ആസന്നമാണെന്നു വേണം അനുമാനിക്കാൻ. മുതിന്ന കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം തന്നെ രാഹുലിന്റെ രാജിക്കുവേണ്ടി സമ്മർദം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ഷാനിമോൾ ഉസ്മാൻ എന്നിവർ നേരത്തെ തന്നെ രാജി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. തുടക്കത്തിൽ രാഹുലിനെ പിന്തുണച്ചിരുന്ന കെ.മുരളീധരനും ഇപ്പോൾ നിലപാട് മയപ്പെടുത്തി രാജി ആവശ്യത്തിലേയ്ക്ക് എത്തിയിട്ടുണ്ട്. ദീപാ ദാസ് മുൻഷി, ജെബി മേത്തർ എം.പി തുടങ്ങിയവരാണ് ഇപ്പോൾ രാഹുലിനുവേണ്ടി പ്രതിരോധം തീർത്തുനിൽക്കുന്നത്.
രാഹുലിന് താങ്ങായി നില്ക്കാന്പോലും പറ്റാത്ത വിധത്തിലുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഉയര്‍ന്നുവരുന്നത്. അതിനാല്‍ത്തന്നെ രാഹുലിന് രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കാനുള്ള നീക്കം കോണ്‍ഗ്രസിലും ശക്തമല്ല. രാജിക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന് എന്തു തീരുമാനവും എടുക്കാമെന്ന നിലപാടാണ് സംസ്ഥാന നേതാക്കള്‍ കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ശക്തമാണ്.
പരാതികളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വ്യക്തമാക്കിക്കഴിഞ്ഞു. പരാതിയില്ലാതിരുന്നിട്ടും ആരോപണം ഉയര്‍ന്ന് 24 മണിക്കൂറിനകം അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. ഇപ്പോള്‍ ബഹളംവെക്കുന്നവര്‍ അവരുടെ സ്വന്തം കാര്യത്തില്‍ എന്താണ് ചെയ്തതെന്ന് ആത്മപരിശോധന നടത്തണം. സിപിഎം എന്തുചെയ്യുന്നു, ബിജെപി എന്തുചെയ്യുന്നു എന്നതൊന്നും ഞങ്ങള്‍ക്ക് പ്രശ്നമല്ല. അവര്‍ക്കൊന്നും നാവനക്കാന്‍ അവകാശമില്ല. അവര്‍ക്കെതിരേ ഒരു കേസാണോ, ഒന്നല്ലല്ലോ. കോഴിഫാമാണ്. ആരുടെയും പേരു പറയുന്നില്ല -വി.ഡി. സതീശന് പറഞ്ഞു.
കോണ്‍ഗ്രസ് ഇതില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന പ്രസ്ഥാനമാണെന്ന് നിങ്ങളെക്കൊണ്ടുതന്നെ പറയിക്കുമെന്നും സതീശന് പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത, മുഖംനോക്കാത്ത നിലപാടെന്നാണ് ഞാന്‍ പറഞ്ഞത്. ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടിയും അന്വേഷിക്കും. അതിന് പാര്‍ട്ടിക്ക് നടപടിക്രമങ്ങളുണ്ട്. ആരോപണവിധേയനായ ആള്‍ക്ക് പറയാനുള്ളതുകൂടി കേള്‍ക്കും. ആരോപണമുന്നയിക്കുന്ന സ്ത്രീകള്‍ക്കെതിരേ സാമൂഹികമാധ്യമത്തിലൂടെ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയുണ്ടാകും.
രാഹുല്‍ രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല തുറന്നുപറഞ്ഞപ്പോള്‍ രാജിവെയ്ക്കേണ്ടതില്ലെന്നായിരുന്നു കെ. മുരളീധരൻ ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് ഈ നിലപാട് മയപ്പെടുത്തി. എഴുതി തയ്യാറാക്കിയ പരാതി ലഭിച്ചാല്‍ അതനുസരിച്ച് കാര്യഗൗരവത്തില്‍ ചര്‍ച്ചചെയ്യും. എഴുത്തു പരാതി ഇല്ലാത്തിടത്തോളം കാലം ഒരു എംഎല്‍എയെ രാജിവെപ്പിക്കാന്‍ സാധ്യമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു. ഒരു നിമിഷംപോലും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നാണ് ചെന്നിത്തല പറയുന്നത്. എത്രയും വേഗം രാജിവെപ്പിക്കണം. കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാവാന് സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ തന്റെ നിലപാട് കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും ചെന്നിത്തല അറിയിച്ചു.
എംഎല്‍എ സ്ഥാനം രാജിവക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി പറയുന്നത്. പാര്‍ട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്സ്ഥാനം എന്തിനാണ് രാജിവെച്ചതെന്ന് രാഹുല്‍തന്നെ വിശദീകരിച്ചിട്ടുണ്ട്. ധാര്മികപ്രശ്നമാണ് രാജിയിലേക്ക് നയിച്ചത്. രാഹുല്‍വിഷയം അടഞ്ഞ അധ്യായമാണെന്നും പാര്‍ട്ടി അന്വേഷണം ഇപ്പോഴില്ലെന്നും അവര്‍ വ്യക്തമാക്കി. രാഹുലിനെ തള്ളിപ്പറയാറായിട്ടില്ലെന്ന് ജെബി മേത്തറും പ്രതികരിച്ചു
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ തുടര്‍നടപടിയുടെ കാര്യം തിരക്കുന്നതിനുമുന്‍പ് മുകേഷിന്റെ കാര്യം ചോദിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ആലോചിച്ചു ചെയ്യുമെന്നും വേണ്ടത്ര ആലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണമെന്നതാണ് ഇക്കാര്യത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ടി.എന്‍. പ്രതാപന്റെ നിലപാട്. ഗൗരവമുള്ള ആരോപണമാണ് ഉയരുന്നത്. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ എപ്പോഴും 'ക്രിസ്റ്റല്‍ ക്ലിയര്‍' ആയിരിക്കണം. താന്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി നിലപാടാണ് വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍, സണ്ണി ജോസഫ് എന്നിവര്‍ വ്യക്തമാക്കിയത്. സമൂഹം പൊതുപ്രവര്‍ത്തകരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍, വ്യക്തിജീവിതമുള്‍പ്പെടെ സൂക്ഷ്മമായി കൊണ്ടുനടക്കണം. ഏത് പ്രസ്ഥാനങ്ങളിലുള്ളവരായാലും പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടവരാണെന്നും പ്രതാപന് പറഞ്ഞു.
പാര്‍ട്ടിയില്‍ ഷാഫി പറമ്പിലിന്റെ പിന്തുണ മാത്രമാണ് മാങ്കൂട്ടത്തിലിനുള്ളതെന്നാണ് വ്യക്തമാവുന്നത്. ആരോപണം ഉയര്‍ന്നയുടന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടും കോണ്‍ഗ്രസിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യുന്നതിനുപിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി. ബിഹാറില്‍നിന്ന് മടങ്ങിയെത്തിയശേഷം വടകരയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഷാഫി. രാഹുലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹണി ഭാസ്കര്‍ പരാതിപ്പെട്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
ഈ വിഷയത്തിലൂടെ കോണ്‍ഗ്രസിനെ നീര്വിര്യമാക്കാമെന്നും പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാമെന്നുമാണ് സിപിഎം കരുതുന്നതെങ്കില്‍ അത് നടക്കില്ലെന്ന് ഷാഫി പറഞ്ഞു. സര്‍ക്കാരിന്റെ ചെയ്തികളെ മറച്ചുവെക്കാന്‍കൂടിയാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍. മാധ്യമങ്ങളും എന്തിനാണ് ആ അജന്‍ഡയുടെ ഭാഗമാകുന്നത്?
കോടതിവിധിയോ എഫ്ഐആറോ പരാതിയോ ഒക്കെ വരുന്നതിനുമുന്‍പേ രാഹുല്‍ രാജിസന്നദ്ധത അറിയിച്ചു. . ഇടതുപക്ഷത്തെ ഒരു എംഎല്‍എയ്ക്കെതിരേ കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിട്ടും കോടതിവിധി വരട്ടെ എന്നിട്ടാകാം രാജിയെന്ന് പറഞ്ഞവരാണ് പ്രതിഷേധവുമായി വരുന്നത്. ഒരു പോക്സോ കേസ് പ്രതിയെ പാര്‍ലമെന്റ് ബോര്‍ഡ് അംഗമാക്കിയ ബിജെപിയും പ്രതിഷേധമുയര്‍ത്തുന്നു.
ബിഹാറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയാത്തവരല്ല മാധ്യമപ്രവര്‍ത്തകരെന്നും അതിന്റെ ഭാഗമായുള്ള യാത്രയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഷാഫി ബിഹാറിലേക്ക് മുങ്ങിയെന്ന വാര്‍ത്ത നല്‍കിയത് എന്ത് മാധ്യമപ്രവര്‍ത്തനമാണെന്നും ഷാഫി ചോദിച്ചു.
ആരോപണങ്ങള്‍ കോണ്‍ഗ്രസ് കൈകാര്യം ചെയ്തുകൊള്ളുമെന്ന് മുസ്ലിംലീഗ് ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. അത് കോണ്‍ഗ്രസ് കൈകാര്യംചെയ്യേണ്ട വിഷയമാണെന്നും അവരുടെ എല്ലാ തീരുമാനങ്ങള്‍ക്കും ലീഗിന്റെ പിന്തുണയുണ്ട്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലേയെന്ന ചോദ്യത്തിന് എല്ലാം കോണ്‍ഗ്രസ് നോക്കിക്കോളുമെന്നായിരുന്നു മറുപടി. ഇതിന്റെ പേരില്‍ യുഡിഎഫിന് ഒരു കുഴപ്പവും സംഭവിക്കില്ലെന്നും യുഡിഎഫ് അതിശക്തമായി അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlights: Congress Leadership Faces Difficult Decisions Amidst Allegations against Rahul Mamkootathil
Published: 24 Aug 2025, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented