കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് സ്മൃതിസംഗമം. ലോക്സഭാ പ്രതിപക്ഷ  നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ തുടങ്ങി നിരവധിപേർ ചടങ്ങില്‍ പങ്കെടുത്തു. നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തി. ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

To advertise here,
placeholder
പുതുപ്പള്ളിയിൽ ചേർന്ന ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങിന്റെ വേദിയിൽ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ സംസാരിക്കുന്നു | ഫോട്ടോ - അഭിലാഷ് ചിറക്കടവ് / മാതൃഭൂമി ഓൺലൈൻ

ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തു. രാവിലെ ഏഴുമണിയോടെ ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു. തുടര്‍ന്ന് കെപിസിസി നടത്തുന്ന അനുസ്മരണ സംഗമം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ചുനല്‍കുന്ന 12 വീടുകളുടെ താക്കോല്‍ദാനവും ഇന്ന് നടക്കും. ഉച്ചയ്ക്ക് 12.30-യോടെ ചടങ്ങ് പൂര്‍ത്തിയാകും.