
രാഹുൽ ഈശ്വർ വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്നു | Mathrubhumi
തിരുവനന്തപുരം: അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചു. തിരുവനന്തപുരം എസിജെഎം കോടതി ഇന്നും രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് താന്‍ നിരാഹാരം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചത്. രാഹുലിനെ മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലിലേക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട് ഇന്നത്തേതും കൂടി കൂട്ടി മൂന്നാമത്തെ തവണയാണ് രാഹുല്‍ ഈശ്വര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഒരേ കേസില്‍, ഒരേ സമയം രണ്ട് കോടതികളില്‍ രാഹുല്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് വലിയൊരു വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ നിരസിച്ചത്.
രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുന്നില്ല എന്നും പോലീസ് കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ രണ്ടുദിവസത്തേക്ക് കൂടി രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസ്. കസ്റ്റഡി അപേക്ഷയുമായി പോലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും.
അങ്ങനെയെങ്കില്‍ രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഇനിയും നീളും. രാഹുല്‍ ജയിലിലായിട്ട് ഇപ്പോള്‍ ഒരാഴ്ചയാവുകയാണ്. ഇത്രയും ദിവസവും രാഹുല്‍ ജയിലില്‍ നിരാഹാര സമരത്തിലായിരുന്നു. ആരോഗ്യം വഷളായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റിയെങ്കിലും രാഹുല്‍ നിരാഹാരം തുടരുകയായിരുന്നു.
എന്നാല്‍ ഇന്നും കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നതായി പോലീസിനെ അറിയിച്ചത്. അതുകൂടാതെ, അതിജീവിതയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരുന്ന നിലപാടില്‍നിന്ന് രാഹുല്‍ പിന്നോട്ടുപോവുകയും ചെയ്തിട്ടുണ്ട്. അതിജീവിതയ്ക്കെതിരായി പങ്കുവെച്ച പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യാമെന്നാണ് രാഹുലിന്റെ ഇപ്പോഴത്തെ നിലപാട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ യുവതിയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് രാഹുലിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഈ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യാന്‍ തയ്യാറാണ് എന്നാണ് രാഹുല്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ ഇന്ന് കോടതിയെ അറിയിച്ചത്.
Content Highlights: Rahul Easwar ends his jail hunger strike after his bail plea was rejected for the third time. He has been moved to a medical college cell. Details here.
Published: 06 Dec 2025, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented