കണ്ണൂര്‍: കണ്ണൂരില്‍ എ.എസ്.ഐമാര്‍ക്ക് കൂട്ടത്തോടെ നിര്‍ബന്ധിത പരിശീലനം. കോവിഡ് ക്വാറന്റീന്‍ ജോലിയില്‍ വീഴ്ച്ച വരുത്തിയതിനാണ് ശിക്ഷ. പത്ത് പേര്‍ ഒരാഴ്ചത്തെ ശാരീരിക പരിശീലനത്തിന് പുറമേ മറ്റ് സ്റ്റേഷനില്‍ അധിക ജോലിയും ചെയ്യണം. കോവിഡ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടും ശിക്ഷിക്കുകയാണെന്ന് പോലീസുകാര്‍ പരാതിപ്പെടുന്നു. എന്നാല്‍, കോവിഡ് ജോലിയില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് വകുപ്പുതല നടപടിയെന്നാണ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറയുന്നത്.

To advertise here,

ഓരോ പോലീസ് സ്‌റ്റേഷനുകളിലും ക്വാറന്റീന്‍ ലംഘനം പരിശോധിക്കാന്‍ ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നോഡല്‍ ഓഫീസര്‍ ക്വാറന്റീന്‍ ലംഘനത്തിന്റെ പേരില്‍ നിശ്ചിത എണ്ണം കേസുകള്‍ എടുക്കണം എന്നാണ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് കേസുകളുടെ എണ്ണം കുറവ് വന്നവര്‍ക്കാണ് ശിക്ഷ. 50 വയസില്‍ കുടുതലുള്ളവരടക്കമാണ് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ കടുത്ത പരിശീലനം നടത്തുന്നത്. അര മണിക്കൂര്‍ പരിശീലനവും അതിന് ശേഷം മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ അധികജോലിയും ചെയ്യണമെന്നാണ് വകുപ്പുതല ശിക്ഷാനടപടി. 

ക്വാറന്റീന്‍ ലംഘനത്തിന്റെ പേരില്‍ കേസെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്. കോവിഡ് മാനദണ്ഡം ആകെ മാറിയതോടെ ജനജീവിതം സാധാരണ രീതിയിലായി വരികയാണ്. ഈ സാഹചര്യത്തില്‍ കേസെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ല എന്നാണ് പോലീസുകാര്‍ പറയുന്നത്. പോലീസുകാരുടെ വ്യക്തിഗത ഗ്രൂപ്പുകളിലടക്കം കഴിഞ്ഞ ഏതാനും ദിവസമായി വിഷയം ചര്‍ച്ചയാണ്. 

പോലീസുകാരുടെ ആത്മവീര്യം പാടെ തകര്‍ക്കുന്നതാണ് കമ്മീഷണറുടെ നടപടിയെന്നാണ് വിമര്‍ശനം. ക്വാറന്റീമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നു. ഈ സാഹചര്യത്തില്‍ ക്വാറന്റീന്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന എ.എസ്.ഐമാര്‍ എടുത്ത കേസുകളുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി ശിക്ഷ എങ്ങനെയാണ് നടപ്പാക്കുകയെന്നാണ് പോലീസുകാര്‍ ചോദിക്കുന്നത്. 

രണ്ട് മൂന്ന് തവണ മുന്നറിപ്പ് നല്‍കിയിട്ടും പോലീസുകാര്‍ നടപടി എടുക്കുന്നില്ലെന്നും ഇത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ വീഴ്ചയാണെന്നുമാണ് കമ്മീഷണര്‍ പറയുന്നത്. ഇതിനു മുമ്പ് താക്കീത് നല്‍കി. എന്നിട്ടും നടപടി സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നു. അതുകൊണ്ടാണ് അവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത്. ഇതൊരു ശിക്ഷയായി കാണേണ്ടതില്ലെന്നും വകുപ്പ് തല നടപടിയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറയുന്നു.

Content Highlights: Quarantine case: Action against police officers in Kannur