കൊയിലാണ്ടി: മാലിന്യം നിറച്ചുവെച്ച ചാക്കിൽ പാമ്പു കയറുന്നത് സ്വാഭാവികം. എന്നാൽ മാലിന്യമെന്ന വ്യാജേന ചാക്കിൽ പെരുമ്പാമ്പിനെയുൾപ്പെടെ കെട്ടി നൽകുന്നവരുടെ മനസ്സല്ലാതെ മറ്റെന്താണ് മാലിന്യം. കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമസേനാംഗങ്ങൾക്കാണ് മാലിന്യച്ചാക്കിൽ ആരോ പെരുമ്പാമ്പിനെ കെട്ടിയിട്ടു നൽകിയത്.

To advertise here,

മുത്താമ്പി പാലത്തിന് സമീപമുള്ള മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി (എം.സി.എഫ്.) സെന്ററിൽ എത്തിച്ച മാലിന്യച്ചാക്ക് തുറന്നപ്പോഴാണ് അകത്ത് ജീവനോടെയുണ്ടായിരുന്ന പെരുമ്പാമ്പ് പുറത്തേക്കു ചാടിയത്. ജീവനക്കാർ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയിടയ്ക്ക്.

രണ്ടുദിവസം മുൻപാണ് ഈ ചാക്ക് മുത്താമ്പിയിലെ കേന്ദ്രത്തിലെത്തിച്ചതെന്ന് ഹരിതകർമ സേനയിലെ റീന, ഇബ്‌ന, സലീല എന്നിവർ പറഞ്ഞു. ചാക്കിൽ ഇനിയും മാലിന്യം നിറയ്ക്കാമെന്ന് കരുതി കെട്ടിയ കമ്പി അഴിച്ചു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതോടെ ഇവർ ഞെട്ടി പിൻമാറുകയായിരുന്നു.

ആദ്യം കരുതിയത് ചത്ത പാമ്പിനെ ചാക്കിലാക്കി ഉപേക്ഷിച്ചതാണെന്നാണ്. പാമ്പ് ഇഴയാൻ തുടങ്ങിയപ്പോഴാണ് സംഗതിയുടെ ഗൗരവം മനസ്സിലായത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ മുൻപും പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും മനപ്പൂർവം ചാക്കിൽക്കെട്ടി നൽകുന്നത് ആദ്യമായിട്ടാണെന്ന് ഹരിതകർമ സേനാംഗങ്ങൾ പറയുന്നു. സംഭവത്തിൽ കൊയിലാണ്ടി നഗരസഭയും അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്.