
കൊച്ചി: കേരള ഫിനാൻസ് കോർപ്പറേഷനിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ എംഎൽഎ പി.വി. അൻവറിനെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 11 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അൻവറിനെ വിട്ടയച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇഡിയുടെ കൊച്ചി കടവന്ത്രയിലെ ഓഫീസിൽവെച്ചായിരുന്നു അൻവറിനെ ചോദ്യം ചെയ്യാനാരംഭിച്ചത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നേരത്തേ രണ്ടു തവണ അൻവറിന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ അൻവർ ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് അദ്ദേഹം വ്യാഴാഴ്ച കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ ഹാജരായത്. അൻവറിന്റെ ഡ്രൈവറേയും ചോദ്യം ചെയ്തതായി റിപ്പോർട്ടുണ്ട്.
നേരത്തേ അൻവറിന്റെയും ഒപ്പമുള്ളവരുടെയും വീടുകളിൽ നേരത്തേ ഇഡി റെയ്ഡ് നടത്തുകയും പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുകൾ സംശയിക്കുന്ന ഒട്ടേറെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബിനാമി ഇടപാടുകൾ സംശയിക്കുന്നതായും ഇഡി വ്യക്തമാക്കിയിരുന്നു. 2016-ൽ 14.38 കോടി ആയിരുന്ന അൻവറിന്റെ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം 2021-ൽ 64.14 കോടിയായി വർധിച്ചു എന്ന അവകാശവാദത്തിന് തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ഇഡി പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
2015-ൽ കെഎഫ്‌സിയിൽനിന്ന് എടുത്ത വായ്പകളുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. മാലാംകുളം കൺസ്ട്രക്ഷൻസിന്റെ പേരിലുള്ള 7.5 കോടിയുടെയും പീവീആർ ഡിവലപ്പേഴ്‌സിന്റെ പേരിലെടുത്ത 3.05 കോടി, 1.56 കോടി എന്നീ രണ്ടു വായ്പകളുടെയും തിരിച്ചടവ് മുടങ്ങിയതിലൂടെ ഒട്ടാകെ 22.3 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയായിട്ടുണ്ട്.
മാലാംകുളം കൺസ്ട്രക്ഷൻസ് തന്റെ മരുമക്കളുടെയും ഡ്രൈവറുടെയും പേരിലാണെങ്കിലും യഥാർഥ ഉടമ താൻതന്നെയാണെന്ന് അൻവർ സമ്മതിച്ചതായി ഇഡി അറിയിച്ചു. അൻവറിന് വായ്പകൾ അനുവദിച്ചതിൽ ക്രമക്കേടുകളുണ്ടായതായും ഒരേ വസ്തുവിന്റെ ഈടിൽ ഒന്നിലധികം വായ്പകൾ അനുവദിച്ചതായും കെഎഫ്‌സി ഉദ്യോഗസ്ഥരുടെ മൊഴികൾ ലഭിച്ചിട്ടുണ്ട്. ബിനാമി ഇടപാടുകൾ നടത്തിയിട്ടുണ്ടാവാമെന്നു കരുതുന്ന 15 ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും നേരത്തേ ഇഡി പിടിച്ചെടുത്തിരുന്നു.
Content Highlights: Former MLA P.V. Anvar questioned by ED for 12 hours in connection with Kerala Finance Corporation loan fraud. Details of alleged financial irregularities and benami deals.
Published: 08 Jan 2026, 10:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented