
തിരുവനന്തപുരം: യു.ഡി.എഫിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് പി.വി. അന്‍വര്‍ എം.എല്‍.എ.യെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ വിഭാഗം അതിനെ എതിര്‍ക്കുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് അന്‍വറിനോട് മൃദുസമീപനമുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എ ഗ്രൂപ്പിനും അന്‍വറിനെ മുന്നണിയിലെടുക്കുന്നതിനോട് യോജിപ്പില്ല.
സി.പി.എമ്മുമായി അകലുന്നതിനുമുന്‍പ് അന്‍വറിനെതിരേ യു.ഡി.എഫ്. കടുത്തനിലപാടാണെടുത്തിരുന്നത്. തടയണപ്രശ്നമടക്കംഉയര്‍ത്തി കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരേ സമരപാതയിലായിരുന്നു. രാഹുല്‍ഗാന്ധിയുടെ ഡി.എന്‍.എ. പരിശോധിക്കണമെന്ന വിവാദപ്രസ്താവന അന്‍വറില്‍നിന്നുണ്ടായി. സതീശനെതിരേ നൂറുകോടിയുടെ അഴിമതിയാരോപണവും അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ചു.
ഇത്രയും കടുത്ത ആരോപണം ഉന്നയിച്ചയാളെ എന്തിനാണ് യു.ഡി.എഫിലേക്ക് സ്വാഗതംചെയ്യുന്നതെന്ന് കണ്‍വീനര്‍ എം.എം. ഹസന് ചോദിച്ചു. കോണ്‍ഗ്രസിന്റെ മുന്‍ സ്ഥാനാര്‍ഥിയെ അടര്‍ത്തിമാറ്റി ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിപ്പിച്ചതും കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചു. കോണ്‍ഗ്രസിലായിരുന്നകാലത്ത് അന്‍വര്‍ കെ. സുധാകരന്റെ അനുയായിയായിരുന്നു. സുധാകരന് വനംമന്ത്രിയായിരിക്കെ അന്‍വര്‍ അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. മലപ്പുറത്ത് ആര്യാടന് മുഹമ്മദ് പ്രതാപശാലിയായിനിന്നിരുന്ന അക്കാലത്ത് അന്‍വറിന് കോണ്‍ഗ്രസിലുള്ള ആശ്രയം സുധാകരനായിരുന്നു. ഇടതുസഹയാത്രികനായെങ്കിലും സുധാകരനുമായി സൗഹൃദബന്ധം അദ്ദേഹം സൂക്ഷിച്ചുപോരുന്നു.
മുസ്ലിംലീഗ് വഴി കോണ്‍ഗ്രസിലെ എതിര്‍പ്പ് മറികടക്കാമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ. മുന്നണിയില്‍ ഘടകകക്ഷിയായി നിലമ്പൂര്‍ സീറ്റ് ഉറപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണിത്. മലപ്പുറത്തെ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് നാലില്‍ മാത്രമാണ്. അത് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. നിലമ്പൂര്‍ സീറ്റ് ആര്യാടന് ഷൗക്കത്തിനായി നേതൃത്വം നോക്കിവെച്ചിരിക്കുന്നതുമാണ്.
കഴിഞ്ഞപ്രാവശ്യം 2700 വോട്ടുകള്‍ക്ക് മാത്രമായിരുന്നു നിലമ്പൂരില്‍ അന്‍വറിന്റെ ജയം. ഈ ഭൂരിപക്ഷം മറികടക്കാവുന്നതാണെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അന്‍വര്‍ യു.ഡി.എഫിലേക്കെന്ന സൂചന വന്നപ്പോള്‍ത്തന്നെ ആര്യാടന് ഷൗക്കത്ത് അതിനെതിരേ രംഗത്തുവന്നിട്ടുമുണ്ട്. ഭരണം പിടിക്കുകയെന്ന വിശാലലക്ഷ്യത്തോടെ അന്‍വറിനെയും സഹകരിപ്പിക്കുകയെന്ന നിര്‍ദേശത്തിലേക്ക് മുന്നണി വന്നാല്‍ കോണ്‍ഗ്രസോ, ലീഗോ വിട്ടുവീഴ്ചചെയ്യേണ്ടിവരും.
Content Highlights: pv anear udf entry k sudhakaran vd satheeshan a group
Published: 08 Jan 2025, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented